മലയോര കർഷകർക്കു പ്രതീക്ഷയേകി കുരുമുളക് വിളവെടുപ്പ് സജീവം
1512595
Monday, February 10, 2025 1:37 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കർഷകർക്ക് പ്രതീക്ഷനൽകി കുരുമുളകിന്റെ വിളവെടുപ്പു സജീവമായി. ഇനി മൂന്നുമാസക്കാലം തിരക്കുകളിലാകും മുളകുകർഷകർ.
മുളകുപറിക്കലും ഉണക്കലും തരംതിരിക്കലുകളുമായി നിന്നുതിരിയാൻ സമയമുണ്ടാകില്ല. ഭേദപ്പെട്ട വില നിലനിൽക്കുന്നതിനാൽ പണികൾക്കും ഉത്സാഹമുണ്ട്. എന്നാൽ മുളകുത്പാദനത്തിൽ ഈവർഷം വലിയ കുറവുണ്ടെന്നാണു കർഷകർ പറയുന്നത്.
കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി മലമ്പ്രദേശമുൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വഴിക്കാഴ്ചകളും ഇപ്പോൾ മുളകുമായി ബന്ധപ്പെട്ട് മാത്രമായി. തമിഴ് നാട്ടിൽനിന്നും മറ്റു ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും മുളകുപറിക്കാൻ കൂട്ടമായി എത്തുന്നുണ്ട്.
700 രൂപ കൂലിയും മൂന്നുനേരത്തെ ഭക്ഷണവും താമസസൗകര്യവും ഒരുക്കി കൊടുക്കണം. ഉത്പാദനക്കുറവ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇതല്ലാതെ ഒരാണ്ടിലെ വരുമാനമാർഗമായി മറ്റൊന്നും ഇല്ലാത്തതിനാൽ ഓരോ കുരുമുളകുമണികളും കർഷകർക്ക് വിലപ്പെട്ടതാണ്.
വള്ളികളിൽ കനം തൂങ്ങിനിൽക്കുന്ന മുളകുമണികളിൽ വലിയ പ്രതീക്ഷയാണ് കർഷകരിലുണ്ടാക്കുന്നത്. കണക്കുകൂട്ടലുകൾ പിഴക്കാതെ കാലാവസ്ഥയും അനുകൂലമാകണം.
വില ഉയർന്നുനിന്നാൽ വിളവുകുറവ് നഷ്ടങ്ങളിലേക്ക് പോകാതെ കൂട്ടിമുട്ടിക്കാനാകുമെന്നു കർഷകർ പറയുന്നു.
മലയോര കുടിയേറ്റ മേഖലയിലെ കർഷക കുടുംബങ്ങളിൽ ഒരുവർഷത്തെ കുടുംബബജറ്റ് തയാറാക്കുന്നത് ഈ പച്ചവള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. റബർവിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്തുപോകുന്നത് കുരുമുളകിൽനിന്നുള്ള വരുമാനം കൊണ്ടാണെന്നു റബർകൃഷി കൂടിയുള്ള കർഷകർ പറയുന്നു.
രാസവളപ്രയോഗമില്ലാതെ കുരുമുളകുകൃഷി നടത്തുന്ന മലയോര മേഖലയിലെ മുളകിനു മറ്റു മുളകിനേക്കാൾ കൂടുതൽ വിലയുമുണ്ട്. ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ഇവിടുത്തെ കുരുമുളക് കാണാനും ചന്തക്കൂടുതലാണ്.
ഉരുണ്ട് നല്ലകറുത്ത വലിയ മണിയാകും. കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികകല്ലിലെ ആദിവാസികളും കുരുമുളകുതോട്ടം ഉടമകളായുണ്ട്. കാട്ടിലെ കറുത്ത മണ്ണിൽ സ്വാഭാവിക പരിചരണത്തിൽ വളർന്നുവിളയുന്ന ഇവിടുത്തെ മുളകിന് വിപണിയിലും നല്ല ഡിമാന്റാണ്.
പാലക്കുഴിയിൽ കുരുമുളക് കൊടികളില്ലാത്ത വീട്ടുമുറ്റങ്ങളോ തോട്ടങ്ങളോ കാണില്ല.എല്ലായിടത്തുമുണ്ട് ഈ സുഗന്ധവ്യഞ്ജന വിള. കരിമുണ്ടി, കരിമുണ്ട,നീലമുണ്ടി, പന്നിയൂർ തുടങ്ങിയ ഇനങ്ങളാണ് പാലക്കുഴിയിലുള്ളത്.
റബർ വെട്ടിമാറ്റി മുളകുതോട്ടങ്ങളായിട്ടുള്ള സ്ഥലങ്ങളും ഇവിടെ ഏറെയാണ്. സമ്മിശ്രവിളകൾ കൃഷിചെയ്ത് ഒന്നിലുണ്ടാകുന്ന നഷ്ടം മറ്റൊന്നിലൂടെ പരിഹരിച്ച് കൃഷിയിൽ മുന്നേറുന്ന കർഷകരാണ് പാലക്കുഴിയുടെ കരുത്ത്.
റബർമരത്തിൽ തന്നെ മുളകുവള്ളികൾ പിടിപ്പിച്ച് കൃഷി നടത്തുന്നവരുമുണ്ട്.
റബർവില കുറഞ്ഞപ്പോഴാണ് റബർമരത്തെ കർഷകർ താങ്ങുതടിയിലേക്ക് തരംതാഴ്ത്തിയത്. എന്നാൽ ഇപ്പോൾ രണ്ടിനും പ്രാധാന്യംനൽകി കൃഷി നടത്തുന്ന കർഷകരും കുറവല്ല. കുരുമുളകിന് ഒന്നാംസ്ഥാനം നൽകിയുള്ള കൃഷി പരീക്ഷണങ്ങളും വിജയം കാണുന്നുണ്ട്.