യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ
1512164
Saturday, February 8, 2025 1:02 AM IST
കല്ലടിക്കോട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ. കല്ലടിക്കോട് ദീപ ജംഗ്ഷനു സമീപം കണക്കമ്പടത്ത് സീനത്തിന്റെ മകൾ റിൻസിയ (23) ആണ് പുതുപ്പരിയാരം എസ്റ്റേറ്റിലുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഇവരുടെ ഏകമകൾ ഷെൽസ മെഹവിഷു (മൂന്ന്) മൊത്ത് ഭർത്താവ് ഷഫീഖ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കാണപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു എന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. നാലു വർഷങ്ങൾക്കുമുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
താഴെമുരളിയിലെ ഷഫീഖ് (34) ഓട്ടോ ഡ്രൈവറാണ്. രണ്ടുവർഷത്തോളമായി യുവതി ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുകയായിരുന്നെന്നും ഇതിനെതിരേ പാലക്കാട് ഹേമാംബിക, കല്ലടിക്കോട് പോലീസ് സ്റ്റേഷ നുകളിൽ നേരത്തേ പരാതികൾ നൽകിയിരുന്നെന്നും വീട്ടുകാർ പറഞ്ഞു.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവർ പറഞ്ഞു. ഒരുവർഷത്തോളം യുവ തി കല്ലടിക്കോടുള്ള വീട്ടിൽ വന്നിരിക്കുകയും തുടർന്ന് മധ്യസ്ഥചർച്ചകൾക്കുശേഷം തിരിച്ചുപോവുകയുമാണുണ്ടായത്. അന്വേഷണങ്ങൾക്കുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഹേമാംബിക പോലീസ് അറിയിച്ചു.