ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗിൽ പരിഗണിച്ചത് 987 പരാതികൾ
1512260
Sunday, February 9, 2025 1:07 AM IST
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷൻ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലയിൽ കഴിഞ്ഞ ദിവസം ഹിയറിംഗ് നടത്തി.
ജില്ലയിലെ 92 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ നിന്നായി 987 പരാതികളാണ് കമ്മീഷനു ലഭിച്ചിരുന്നത്. ഹിയറിംഗിനു ഹാജരായ മുഴുവൻ പരാതിക്കാരെയും കമ്മീഷൻ നേരിൽകേട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരടുവിജ്ഞാപനം നേരത്തെ പുറത്തിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബർ നാലുവരെ ഡീലിമിറ്റേഷൻ കമ്മീഷൻ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ചു. ഈ പരാതികളിൽ ഫീൽഡ്തലത്തിൽ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ പരാതി സമർപ്പിച്ചവരെയാണ് കഴിഞ്ഞദിവസം നടന്ന ഹിയറിംഗിൽ കമ്മീഷൻ നേരിട്ടുകേട്ടത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഹിയറിംഗ് പൂർത്തിയാക്കിയ ശേഷം കമ്മീഷന്റെ ഫുൾസിറ്റിംഗ് ചേരും. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കമ്മീഷൻ വിവരങ്ങൾ ശേഖരിക്കും.
പരാതിക്കാരെ നേരിട്ടുകേട്ടതിന്റെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാകും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
ജില്ലാ പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ ചേർന്ന ഹിയറിംഗിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡീലിമിറ്റേഷൻ കമ്മീഷൻ അംഗം കെ. ബിജു, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്നമോൾ, ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാ ഇലക്്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.