ശ്രീകുറുമ്പ ട്രസ്റ്റിന്റെ "ഗൃഹശോഭ'യിൽ 120 വീടുകളുടെ താക്കോൽദാനം
1512602
Monday, February 10, 2025 1:37 AM IST
വടക്കഞ്ചേരി: പന്നിയങ്കര ശ്രീകുറുമ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗൃഹശോഭ എന്ന ശോഭ സാമൂഹ്യഭവന പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
സ്വന്തമായി ഭൂമി ഇല്ലാതിരുന്ന 13 കുടുംബങ്ങൾക്കായി കിഴക്കഞ്ചേരി കണ്ണംകുളത്ത് നിർമിച്ച 13 വീടുകളുടെ താക്കോൽദാനത്തിനു ശേഷം ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുമ്പ ഓഡിറ്റോറിയത്തിൽ മറ്റു നൂറ്റിയേഴ് വീടുകളുടെ താക്കോൽദാനവും മന്ത്രിയും മറ്റു വിശിഷ്ടാഥിതികളുംചേർന്ന് നിർവഹിച്ചു. ഇതോടെ കിഴക്കഞ്ചേരി പഞ്ചായത്തിൽ മാത്രം ട്രസ്റ്റിന്റെ കാരുണ്യത്തിൽ നിർമിച്ച വീടുകളുടെ എണ്ണം 230 ആയി ഉയർന്നു.
2023 ൽ പത്ത് വീടുകളും 2024 ൽ നൂറ് വീടുകളുമായി നേരത്തെ 110 വീടുകളുടെ താക്കോൽദാനം നടത്തിയിരുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിൽ തന്നെ 120 വീടുകളുടെ തറക്കല്ലിടൽ അടുത്ത മാസം നടക്കും.
പ്രൗഢമായ താക്കോൽദാന ചടങ്ങിൽ ഫൗണ്ടർ ട്രസ്റ്റി ശോഭാ മേനോൻ അധ്യക്ഷയായി. പി.പി.സുമോദ് എംഎൽഎ, മുൻമന്ത്രി കെ.ഇ. ഇസ്മയിൽ, എഡിജിപി പി. വിജയൻ ഐപിഎസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത മാധവൻ, ലിസി സുരേഷ്, സുമതി ടീച്ചർ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, ഡോ. പുനലൂർ സോമരാജൻ, ഈശ്വർ, സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, ശോഭാ ഗ്രൂപ്പ് ബംഗളൂരൂ മേധാവി മാലിക്, വാർഡ് മെംബർ പ്രമോദ്, സരിൻ, ട്രസ്റ്റി എ.ആർ. കുട്ടി, ഡോ.വി.എ. ഗംഗാധരൻ, ട്രസ്റ്റ് സീനിയർ മാനേജർ പി. പരമേശ്വരൻ, ഫിനാൻസ് മാനേജർ സി. ജയരാജ്, ട്രസ്റ്റിന്റെ സാമൂഹിക ശാക്തീകരണ വിഭാഗം മേധാവി എൻ. ഹരിദാസ്, മനോജ് തുടങ്ങിയവർ പങ്കെടുത്തു. 20 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഓരോ വീടുകളും നിർമിച്ചിട്ടുള്ളത്.
2030 വർഷത്തോടെ ആയിരം വീട് എന്നതാണ് ഗൃഹശോഭ ഭവനപദ്ധതി ലഷ്യമിടുന്നത്. ഇതിൽ നൂറു വീട് തൃശൂർ ജില്ലയിലാകും നിർമിക്കുക. മറ്റു വീടുകളെല്ലാം കിഴക്കഞ്ചേരിക്കു പുറമെ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളിലും പണിയും. വയനാട് ചൂരൽമലയിൽ 50 വീടുകളുടെ നിർമാണവും ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.