സുന്ദരിയാകാനൊരുങ്ങി ഒറ്റപ്പാലം നഗരം
1512596
Monday, February 10, 2025 1:37 AM IST
ഒറ്റപ്പാലം: രണ്ടുകോടിയുടെ പദ്ധതിയിലൂടെ മുഖഛായ മാറ്റാനൊരുങ്ങി ഒറ്റപ്പാലം നഗരം. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തുക ഉപയോഗിച്ചു സമയബന്ധിതമായി നഗരനവീകരണം നടത്തുമെന്നു കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ ഏകോപനത്തിൽ പൊതുജന പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുന്നത്. വീതികുറഞ്ഞ റോഡുകളും ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും നടപ്പാതകളുടെ കുറവും ഉൾപ്പെടെ റവന്യു ഡിവിഷൻ ആസ്ഥാനനഗരം കാലങ്ങളായി നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതോടൊപ്പം സൗന്ദര്യവത്കരണംകൂടി ഉൾപ്പെട്ട പദ്ധതിയാണു വിഭാവനം ചെയ്യുന്നത്.
നടപ്പാതകൾ ഉൾപ്പെടെ റോഡുനവീകരണത്തിനും വികസനത്തിനുമായി പൊതുമരാമത്ത് വകുപ്പ് പദ്ധതി ഒരുക്കും. സെൻഗുപ്താ റോഡ് കവല മുതൽ മായന്നൂർപാലം കവലവരെ ഇരുവശത്തും നടപ്പാതയോടു കൂടിയ റോഡാണു പരിഗണനയിൽ.
കൈവരികളോടുകൂടിയ നടപ്പാതകളാകും ഒരുക്കുക. പ്രധാന പാതയോരത്തെ നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തെതുടർന്ന് ഉപയോഗിക്കാനാകില്ലെന്നു കണ്ടെത്തിയിരിക്കെ ഇതുപൊളിച്ചുമാറ്റാൻ നടപടിയുണ്ടാകും. നഗരസഭയുടെ നേതൃത്വത്തിലാകും നടപടി. നിലവിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കെട്ടിടം പൊളിച്ചുമാറ്റി ഈ ഭാഗം ഒറ്റപ്പാലത്തിന്റെ മുഖമായി മാറുന്ന നിലയിൽ സൗന്ദര്യവത്കരിക്കാനാണു പദ്ധതി. പ്രതിമകളും പുൽത്തകിടിയും സെൽഫി സ്പോട്ടും ഉൾപ്പെടെ ഒരുക്കാനാണു ലക്ഷ്യമിടുന്നത്. കെട്ടിടം പൊളിച്ചുമാറ്റപ്പെടുന്നതോടെ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും പുറത്തിറങ്ങുന്നതിനും കയറുന്നതിനും സുഗമമായ വഴികളൊരുങ്ങുമെന്നാണു വിലയിരുത്തൽ.
സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലേക്കു നീങ്ങുന്ന നഗരത്തിലെ നിർദിഷ്ട ബൈപാസ് പദ്ധതികൂടി നടപ്പാകുന്നതോടെ ഗതാഗതക്കുരുക്ക് പൂർണമായി പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. നഗരവികസനത്തിനായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ആകെ രണ്ടുകോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ആദ്യ ഘട്ടമെന്ന നിലയിൽ 30 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്.