ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ടാക്സി തൊഴിലാളികൾ ദുരിതത്തിൽ
1512609
Monday, February 10, 2025 1:37 AM IST
ഷൊർണൂർ: വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതെ വിഷമിച്ച് ടാക്സി തൊഴിലാളികൾ. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ടാക്സി തൊഴിലാളികളാണ് നവീകരണത്തിന്റെ ഭാഗമായി ഓട്ടോ- ടാക്സി സ്റ്റാൻഡിന്റെ സ്ഥലം റെയിൽവേ ഏറ്റെടുത്തതോടെ ദുരിതത്തിലായത്.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുമുന്നിൽ 86 ഓട്ടോറിക്ഷകളും 18 ടാക്സികളുമാണ് നിർത്തിയിടുന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണം ആരംഭിച്ചപ്പോൾ ഇവർ വർഷങ്ങളായി നിർത്തിയിട്ടിരുന്ന സ്റ്റേഷന്റെ കിഴക്കുഭാഗത്തെ സ്ഥലത്തുനിന്നും വാഹനങ്ങൾ മാറ്റാൻ റെയിൽവേ നിർദേശം നൽകി. ഇതോടെ സമീപത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് താത്കാലികമായി ഓട്ടോ, ടാക്സികൾ നിർത്തിയിടുകയായിരുന്നു.
എന്നാൽ പൊതുമരാമത്ത് അധികൃതരെത്തി സ്ഥലത്ത് ഷീ ലോഡ്ജ് നിർമിക്കാൻ ഒരുങ്ങുകയാണ് എന്നുപറഞ്ഞ് വേറെ സ്ഥലംനോക്കാൻ തൊഴിലാളികളോടു ആവശ്യപ്പെട്ടു. ഒടുവിൽ റോഡിന് ഒരുവശത്ത് വാഹനങ്ങൾ നിർത്തിയാണ് ഇപ്പോൾ യാത്രക്കാരുമായി സവാരി നടത്തുന്നത്.
ഇതിനിടയിൽ പോലീസ്, ആർപിഎഫ് എന്നിവർ റെയിൽവേ സ്റ്റേഷനുമുന്നിൽ അനധികൃത പാർക്കിംഗ് പാടില്ല എന്നുപറഞ്ഞ് തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകി.
ഇതോടെ നൂറിലധികം വാഹനങ്ങളും തൊഴിലാളികളും ഇപ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. എല്ലാ റെയിൽവേ സ്റ്റേഷനിലും റെയിൽവേയുടെ സ്ഥലത്താണ് ഓട്ടോ-ടാക്സികൾക്ക് നിർത്തിയിടാൻ സ്ഥലംനൽകിയിട്ടുള്ളത്. എന്നാൽ ഷൊർണൂരിൽ സ്ഥലസൗകര്യമുണ്ടായിട്ടും അനുവദിക്കാത്തത് വഞ്ചനയാണെന്നു തൊഴിലാളികൾ പറയുന്നു.
വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ പകുതിയോളം വാഹനങ്ങൾ മറ്റുഭാഗങ്ങളിലേക്ക് മാറ്റിനിർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സ്റ്റാൻഡ് വേണമെന്നും ഇടനിലക്കാരെ ഒഴിവാക്കി റെയിൽവേ നേരിട്ട് തൊഴിലാളികളിൽ നിന്നും പണം പിരിക്കണമെന്നും നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്കും നിവേദനം നൽകിയിരുന്നു.
സതേൺ റെയിൽവേ മാനേജർ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ എത്തിയപ്പോൾ നഗരസഭാ അധ്യക്ഷൻ എം.കെ. ജയപ്രകാശ് പ്രശ്നം റെയിൽവേയെ അറിയിച്ചിരുന്നു.