നെല്ലിയാമ്പതിയുടെ ടൂറിസംസാധ്യതകൾ ചർച്ചചെയ്ത് ഇക്കോടൂറിസം ശില്പശാല
1512599
Monday, February 10, 2025 1:37 AM IST
നെല്ലിയാന്പതി: ഫാം ആൻഡ് ഇക്കോടൂറിസത്തിൽ നെല്ലിയാമ്പതിക്ക് അനന്തസാധ്യതകളാണുള്ളതെന്നു അഗ്രിഹോർട്ടിടൂറിസം ഫെസ്റ്റ്- നാച്യുറ 25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫാം ആൻഡ് ഇക്കോടൂറിസം ശില്പശാല അഭിപ്രായപ്പെട്ടു.
പാലക്കാടിന്റെ സംസ്കാരത്തെയും ജൈവവൈവിധ്യത്തെയും നൂതനവും പരമ്പരാഗതവുമായ കാർഷിക അറിവുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾക്കു നെല്ലിയാമ്പതിയിൽ ഊന്നൽനൽകണമെന്നും അഭിപ്രായമുയർന്നു. കെ.ശാന്തകുമാരി എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള സ്പൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നിവയെ ടൂറിസവുമായി ബന്ധിപ്പിക്കണം. 137 കോടി രൂപ ഫാമുകളുടെ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. ഇത് എല്ലാഫാമുകളും ഫാം ആൻഡ് ഇക്കോ ടൂറിസം മേഖലകളിലേക്കു കടക്കുന്നതിന് സഹായകമാവുമെന്നു പി. രാജശേഖരൻ പറഞ്ഞു.
പാലക്കാട് മുൻ പ്രിൻസിപ്പൽ കൃഷിഓഫീസർ വി. സുരേഷ് ബാബു വിഷയാവതരണം നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. ഫറൂഖ് അധ്യക്ഷത വഹിച്ചു. തൃശൂർ കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ. ശ്യാം, ഡയറക്ടർ ഓഫ് റിസർച്ച് ഐആർടിസി ഡോ. സീതാലക്ഷ്മി, ഫാം സൂപ്രണ്ട് സാജിദ് അലി എന്നിവർ പ്രസംഗിച്ചു.