തത്തമംഗലം ബസ് സ്റ്റാൻഡിൽ ദുരിതം തുടരുന്നു
1512603
Monday, February 10, 2025 1:37 AM IST
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിൽ രണ്ടാംനിലയിൽ സ്ഥാപിച്ചിരുന്ന പൈപ്പുപൊട്ടി നിലമ്പതിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. സ്റ്റാൻഡിൽ ബാസ് പാർക്കിംഗ് കോമ്പൗണ്ടിലാണ് പൈപ്പു പൊട്ടിവീണത്.
സംഭവ സമയത്ത് താഴെ യാത്രക്കാരുണ്ടാവാതിരുന്നത് അനിഷ്ടസംഭവം ഒഴിവാക്കി. സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തിരിക്കുന്ന സ്ഥലത്തെ സൺഷേഡ് ഏതു സമയത്തും നിലമ്പതിക്കാവുന്നവിധം തകർച്ചയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റ് പലസ്ഥലത്തും പൊട്ടിവീഴാറായ അവസ്ഥയിലാണുള്ളത്.
സ്റ്റാന്റിനകത്തെ ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നു പൊതു പ്രവർത്തകർ നിരന്തരം ആവശ്യ പ്പെടാറുണ്ടെങ്കിലും ബന്ധപ്പെട്ട ചിറ്റൂർ- തത്തമംഗലം നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെടാറില്ലെന്നത് ജനകീയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ബസ്റ്റ് സ്റ്റാൻഡിലേക്ക് കയറുന്ന പാതയിലുണ്ടായ കുഴി നികത്താത്തതു കാൽനടയാത്രികർക്കു ദുരിതമായിട്ടുണ്ട്. കോടികൾ ചെലവഴിച്ച് ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുപോലും സ്ത്രീകളും കുഞ്ഞുങ്ങളം ഉൾപ്പെടെ യാത്രക്കാർ റോഡരികിൽ കൊടുംവെയിലിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. സ്റ്റാൻഡിനകത്ത് ബസുകൾ കയറാതിരുന്നിട്ടും ഇതിനു പരിഹാരം കാണാൻ പോലും നഗരസഭാ അധികൃതർ മുതിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.