പുലിയുടെ മുന്നിൽ കുടുങ്ങിയ യുവാവിന് അത്ഭുത രക്ഷപ്പെടൽ
1512597
Monday, February 10, 2025 1:37 AM IST
വടക്കഞ്ചേരി: പന്തലാംപാടം- മേരിഗിരി- പനംകുറ്റി മലയോര പാതയിൽ പോത്തുചാടി ഫോറസ്റ്റ് ഓഫീസിനടുത്ത് പുലിയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
പനംകുറ്റി വെള്ളമറ്റത്തിൽ ജോയിയുടെ മകൻ അലക്സ് (24) ആണ് പുലിയുടെ ആക്രമണത്തിൽനിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്.
മേരിഗിരിക്കടുത്തുള്ള റബർബാൻഡ് യൂണിറ്റിൽനിന്നും ജോലികഴിഞ്ഞ് പോത്തുചാടി വഴി പനംകുറ്റിയിലുള്ള വീട്ടിലേക്കു നടന്നുപോകുന്നതിനിടെ പീച്ചി കാട്ടിൽനിന്ന് പെട്ടെന്ന് പുലി റോഡിലേക്കു കടക്കുകയായിരുന്നു.
തന്റെനേരേ നോക്കിനിന്ന പുലി ചാടുമെന്നായപ്പോൾ അലക്സ് തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. പുലി പിന്നീട് കാട്ടിലേക്കുതന്നെ തിരിച്ചുപോയെന്ന് അലക്സ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഈ പ്രദേശങ്ങളിൽ പതിവായി ഇപ്പോൾ പുലിയെ കാണുന്നുണ്ട്.
രണ്ടുദിവസംമുമ്പ് വാൽകുളമ്പിനടുത്ത് ഡെബിൻ എന്ന യുവാവും പുലിയെ കണ്ടിരുന്നു. പനംകുറ്റി ക്വാറിക്കടുത്ത് പൈനാപ്പിൾതോട്ടത്തിലെ പണിക്കാരിയായ സാറാക്കുട്ടിയും പല ദിവസങ്ങളിലും പുലിയെ കണ്ടതായി പറയുന്നുണ്ട്. ഇവരുടെ നായയെ കഴിഞ്ഞദിവസം പുലി ആക്രമിച്ചിരുന്നു. മാസങ്ങൾക്കുമുമ്പ് പനംകുറ്റിയിലെ ദമ്പതികൾ യാത്രചെയ്തിരുന്ന സ്കൂട്ടറിനു മുന്നിലേക്ക് പുലി ചാടിയ സംഭവവുമുണ്ടായി.
കരീമും ഭാര്യ ബീവിയുമാണ് അന്ന് പുലിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. പോത്തുചാടിയിൽനിന്നു ഏതാനും കിലോമീറ്റർ ദൂരമുള്ള മണിയൻകിണർ ആദിവാസി കോളനിയിലെ ചന്ദ്രന്റെ പശുക്കുട്ടിയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു.
കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനംകുറ്റിക്കും മേരിഗിരിക്കും ഇടയ്ക്ക് രണ്ടുകിലോമീറ്റർദൂരം ആളൊഴിഞ്ഞ പ്രദേശമാണ്.
ഒരുഭാഗത്ത് പീച്ചി കാടും മറുഭാഗത്ത് സ്വകാര്യ തോട്ടങ്ങളുമാണ്. ഇവിടെയൊന്നും ആൾതാമസമില്ല. ശബ്ദമുണ്ടാക്കിയാൽപോലും ആരും കേൾക്കില്ല. മൊബൈൽ ഫോണുകൾക്കും റേഞ്ച് ഇല്ലാത്ത പ്രദേശങ്ങളാണ്.
അതിനാൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽതന്നെ പുറമേയുള്ളവർ അറിയാൻ സമയമെടുക്കും. മലയോരപാത പൂർണമായും തകർന്നു കിടക്കുന്നതിനാൽ പെട്ടെന്നു വാഹനം ഓടിച്ചു പോകാനും ഇവിടെ കഴിയില്ല.