അപകടങ്ങൾ വർധിച്ചതിനുപിന്നിൽ റോഡുതകർച്ചയെന്ന് ആരോപണം
1512158
Saturday, February 8, 2025 1:02 AM IST
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണം റോഡുകളുടെ തകർച്ചയെന്ന് ആരോപണം ശക്തം.
കൃത്യമായ സമയത്തിനു ബസുകൾക്ക് ഓടിയെത്താൻ കഴിയാതെ സ്വകാര്യബസുകൾ പ്രതിസന്ധിയിലാവുകയാണെന്നും പരാതിയുണ്ട്.
ഒറ്റപ്പാലം- തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്കും ഈ പ്രശ്നമുണ്ട്. കൊച്ചിപാലം മുതൽ കുളപ്പുള്ളി വരെയുള്ള യാത്രയിൽ 15 മിനിറ്റോളം ഇവർക്കും നഷ്ടമുണ്ടാകുന്നുണ്ട്.
കുളപ്പുള്ളിയിൽനിന്ന് ഒറ്റപ്പാലത്തേക്കു വരുമ്പോൾ ഈ സമയം വീണ്ടെടുക്കാനാണു സ്വകാര്യബസുകൾ ശ്രമിക്കുന്നത്.
പാലക്കാട്- ഗുരുവായൂർ റൂട്ടിലോടുന്ന ബസുകൾക്കു പട്ടാമ്പിമുതൽ കുളപ്പുള്ളി വരെയുള്ള ഭാഗങ്ങളിൽ റോഡ് തകർച്ചയെ തുടർന്നു സമയം നഷ്ടമാകുന്നുവെന്നാണ് പ്രധാന പരാതി.
സ്വകാര്യബസുകളുടെ മത്സരയോട്ടങ്ങളും അപകടങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡുകൾ നവീകരിക്കാതെ ബസുകളുടെമേൽ പഴിചാരുന്നതു ശരിയല്ലെന്നാണു ബസുടമകൾ പറയുന്നത്.
ഒറ്റപ്പാലം- തൃശൂർ റൂട്ടിൽ അറുപതോളം സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ എഴുപതിലേറെ സ്വകാര്യബസുകളുണ്ട്. ഷൊർണൂരിൽനിന്നും പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന ബസുകൾ സമയംതെറ്റി ഒരേ സമയത്തു കുളപ്പുള്ളിയിൽ എത്തുന്നതും പതിവാണ്. കുളപ്പുള്ളിയിൽനിന്നു പിന്നീട് ഒറ്റപ്പാലം വരെ സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണെന്നാണു യാത്രക്കാർ പറയുന്നത്.
കുളപ്പുള്ളി മുതൽ ഒറ്റപ്പാലം വരെ ആറിലധികം അപകടവളവുകളുണ്ട്. ഇവിടങ്ങളിൽ മത്സരയോട്ടം അപകടസാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ നാലുമാസത്തിൽ അഞ്ച് ബസപകടങ്ങളാണു കുളപ്പുള്ളി പാതയിൽ സംഭവിച്ചിട്ടുള്ളത്.