ജാഗ്രതൈ.. വെളിച്ചെണ്ണയിലും വ്യാജൻ
1512268
Sunday, February 9, 2025 1:07 AM IST
വടക്കഞ്ചേരി: പ്രമുഖ ബ്രാൻഡുകളുടെ പേരുകളിൽ വിപണിയിൽ വെളിച്ചെണ്ണ വില്പന തകൃതി. അംഗീകൃത വെളിച്ചെണ്ണ ബ്രാൻഡിനോടു സാദൃശ്യമുള്ള പേരും പായ്ക്കിംഗും അനുകരിച്ചാണ് വ്യാജ വെളിച്ചെണ്ണ മാർക്കറ്റുകളിലെത്തുന്നത്. വേസ്റ്റ് ഓയിലിൽ വെളിച്ചെണ്ണയുടെ മണത്തിനായി പൊടികളും മിശ്രിതങ്ങളും ചേർത്താണ് പായ്ക്ക് ചെയ്യുന്നത്. ഒറിജിനൽ വെളിച്ചെണ്ണയെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഈ വ്യാജന്മാരെ വിറ്റഴിക്കുന്നത്.
ഇതിനാൽ വിപണിയിലും വ്യാജന്മാർക്ക് നല്ല ഡിമാൻഡുണ്ട്. വില്പനക്കാർക്ക് കമ്മീഷൻ കൂടുതലുള്ളതിനാൽ വ്യാജ വെളിച്ചെണ്ണ വിൽക്കാനാണ് കച്ചവടക്കാർക്കും താത്പര്യം. അന്യസംസ്ഥാനങ്ങളിൽനിന്നാണ് ഇത്തരം വെളിച്ചെണ്ണയുടെ വരവ്. മനുഷ്യശരീരത്തിന് ഏറെ ഹാനികരമായ മിശ്രിതങ്ങളും ഇതിൽ കലർത്തുന്നുണ്ടെന്നു സൂചനകളുണ്ട്. വെളിച്ചെണ്ണ വില കുതിച്ചുയരുന്നതിനാൽ ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ക്ഷാമമുണ്ട്.
നാളികേര ഉത്പാദനം 60 ശതമാനം കുറഞ്ഞതാണ് വെളിച്ചെണ്ണവില ഉയരാൻ കാരണമാകുന്നത്. വെളിച്ചെണ്ണ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരഫെഡ് മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും വ്യാജന്മാരെ പിടികൂടി വില്പന നടത്തുന്നവർക്കെതിരെയും സ്റ്റോക്ക് ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുന്നില്ല എന്നതാണ് പ്രതിഷേധത്തിനു കാരണമാകുന്നത്.