നെല്ലിയാമ്പതി ചുരംറോഡിൽ സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു
1512923
Tuesday, February 11, 2025 2:10 AM IST
നെന്മാറ: നെല്ലിയാമ്പതി ചുരം റോഡിൽ ഇടിഞ്ഞ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി പുനർനിർമാണം ആരംഭിച്ചു. കഴിഞ്ഞ വർഷകാലത്ത് മഴയിലും ഉരുൾപൊട്ടലിലും വശങ്ങളിലെ സംരക്ഷണഭിത്തി തകർന്ന റോഡ് ഗതാഗതത്തിന് ഭീഷണി ഉയർന്ന ചെറുനെല്ലി പ്രദേശങ്ങളിലാണ് സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചത്. കരിങ്കല്ലുകൊണ്ടുള്ള കെട്ട് ഒഴിവാക്കി താഴ്ചയുള്ള ഭാഗങ്ങളിൽ നിന്നുതന്നെ കോൺക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിർമിക്കുന്നത്.
40 ലക്ഷം രൂപ ചെലവിൽ 20 മീറ്റർ നീളത്തിൽ 11 മീറ്റർ ഉയരത്തിലാണ് സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചത്. കുത്തനെയുള്ള സ്ഥലമായതിനാൽ 14 മീറ്റർ വീതിയിൽ അടിത്തറ കോൺക്രീറ്റ് ചെയ്താണ് അതിനു മുകളിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറി കിട്ടിയ തുക ഉപയോഗിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് നിരക്ക് വിഭാഗം അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷകാലത്ത് കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഒഴുകി സംരക്ഷണഭിത്തി തകർന്നിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമാണ് നിർമാണ പ്രവർത്തനം നടത്തുന്നത്.