ബാലാവകാശ കമ്മീഷൻ ക്യാന്പ് സിറ്റിംഗ്: 27 പരാതികൾ തീർപ്പാക്കി
1512259
Sunday, February 9, 2025 1:07 AM IST
പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ ക്യാന്പ് സിറ്റിംഗിൽ തീർപ്പാക്കിയതു 27 പരാതികൾ.
പാലക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിംഗിൽ ആകെ 37 പരാതികളാണ് പരിഗണിച്ചത്. 10 പരാതികൾ വിശദമായ ഉത്തരവിനു മാറ്റിവച്ചു. ട്യൂഷൻ ഫീസ് അടക്കാത്ത കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക നിറത്തിലുള്ള പെർമിഷൻ കാർഡ് ഹാൾ ടിക്കറ്റിനോടൊപ്പം നൽകിയതായി ഒരു സ്കൂളിനെതിരേയുള്ള പരാതി കമ്മീഷന്റെ പരിഗണനയ്ക്കെത്തി.
ഈ സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും നിരുത്തരവാദിത്വപരമായ നടപടിയാണുണ്ടായതെന്നും ഇത്തരം സംഭവങ്ങൾ കുട്ടികൾക്കിടയിൽ വേർതിരിവുണ്ടാകുന്നതിന് കാരണമാവുമെന്നും മറ്റു കുട്ടികൾ അറിയുന്നതിലുള്ള മാനസിക സംഘർഷം കുട്ടികൾ നേരിടുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കുട്ടികൾക്കെതിരായുള്ള ഇത്തരം അവകാശ ലംഘനങ്ങൾക്കെതിരേ കർശന നടപടികളുണ്ടാകുമെന്നും ഇനി ആവർത്തിക്കരുതെന്നും ചെയർമാൻ സ്കൂൾ അധികൃതർക്കു നിർദേശം നൽകി.
ഞാങ്ങാട്ടിരി എയുപി സ്കൂൾ മൈതാനത്തെ ഉപയോഗശൂന്യമായ സ്കൂൾബസുകൾ നീക്കംചെയ്യാനും മണ്ണാർക്കാട് ശബരി എച്ച്എസ്എസിലെ പ്ലസ്ടു വിഭാഗത്തിലെ പ്രൊജക്ടറിന്റെ തകരാർ തീർക്കാനുമുള്ള പരാതികൾ പരിഹരിച്ചതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചതിനെതുടർന്ന് പരാതികളിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
കുഞ്ഞുങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി ലഭിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി വനിതശിശു വികസനവകുപ്പ് കമ്മീഷനെ അറിയിച്ചു.
കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾക്ക് ഉപകരണം വേഗത്തിൽ അപ്ഗ്രഡേഷൻ ചെയ്തു കൊടുക്കാനും കമ്മീഷൻ നിർദേശിച്ചു. ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കാത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതി പരിഹരിച്ചു.
മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ വീട് ജപ്തി ചെയ്യുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. സിറ്റിംഗിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗവും ജില്ലയുടെ ചുമതലയുമുള്ള കെ.കെ. ഷാജു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.