പട്ടാപ്പകൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1512264
Sunday, February 9, 2025 1:07 AM IST
നെന്മാറ: കതിരണിഞ്ഞ നെൽപ്പാടത്ത് പകൽസമയം കൃഷിനാശംവരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. മേലാർകോട് പഞ്ചായത്തിലെ കല്ല ചെമ്പുഴി പാടശേഖരത്തിലെ സനലിന്റെ പാടശേഖര നെൽപ്പാടത്താണ് കതിരുകൾ തിന്നു നശിപ്പിക്കുകയും കുത്തിമറിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിക്കൂത്തെ കണ്ടത്.
ദിവസങ്ങളായി മേഖലയിലെ നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൃഷിനാശം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നെൽപ്പാടങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും വെടിവച്ചുകൊല്ലാൻ കഴിഞ്ഞിരുന്നില്ല. പകൽസമയത്ത് നാശം തുടരുന്നത് കണ്ടെത്തിയ കർഷകനാണ് ഷൂട്ടർമാരെ വിളിച്ചുവരുത്തിയത്. നെൽപ്പാടത്ത് പതുങ്ങിനിന്ന രണ്ടെണ്ണത്തെ വനംവകുപ്പ് പാനലിൽ ഉൾപ്പെട്ട ഷൂട്ടർ കെ. വിജയൻ ചാത്തമംഗലമാണ് വെടിവച്ചുകൊന്നത്. വനംവകുപ്പ് നിർദ്ദേശപ്രകാരം ജഡം കുഴിച്ചുമൂടി.