ശാസ്ത്രീയ പരിശോധനകൾ വേണമെന്നു വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്
1512262
Sunday, February 9, 2025 1:07 AM IST
ഒറ്റപ്പാലം: അനങ്ങൻമലയിലെ ഉരുൾപൊട്ടലുകൾ ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കണമെന്നു വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. അനങ്ങൻമലയിലെ വരോട് ക്വാറിയുൾപ്പെട്ട പ്രദേശത്തെ ഉരുൾപൊട്ടൽസാധ്യത ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കണമെന്ന് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് പറയുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്ട് അഥോറിറ്റിയോ പരിശോധിക്കണമെന്നും കമ്മിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
വരോട്ടെ ക്വാറി അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്നു അനങ്ങൻമല സംരക്ഷണസമിതി കൺവീനർ ഐ.എം. സതീശൻ, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റി അംഗം പി. പരമേശ്വരൻ, യൂണിറ്റ് സെക്രട്ടറി എം. അഷറഫ് എന്നിവർ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ട് പരിസ്ഥിതിലോല പ്രദേശത്തിനിടയിലാണ് വരോട് ക്വാറിയുൾപ്പെട്ട പ്രദേശമുള്ളത്.
ഇവിടങ്ങളിലെ ചോലകൾ വറ്റാനിടയുണ്ട് തുടങ്ങിയ കാരണങ്ങളും റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രകമ്പനമുണ്ടാകുമോയെന്നറിയാൻ ശാസ്ത്രപരിശോധന വേണം. അതിനായാണ് വിദഗ്ധസമിതി പരിശോധിക്കണമെന്ന ആവശ്യം കളക്ടറും ജില്ലാ പോലീസ് മേധാവിയും സബ്കളക്ടറും ജിയോളജിസ്റ്റുമെല്ലാം ഉൾപ്പെട്ട സമിതി മുന്നോട്ടുവച്ചിട്ടുള്ളത്.
കോടതി ഇതുപരിശോധിച്ചശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. നിലവിൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ക്വാറിയിൽ നേരത്തേ പൊട്ടിച്ച കല്ലുകൾ കൊണ്ടുപോകാൻ അനുമതിയുണ്ട്. പാറപൊട്ടിക്കൽ നടത്താൻ അനുമതിയില്ല. ഇതുലംഘിച്ച് ഇപ്പോഴും ക്വാറി പ്രവർത്തിക്കുന്നുണ്ടെന്നു അനങ്ങൻമല സംരക്ഷണസമിതി ഭാരവാഹികൾ പറയുന്നു. ഇതിനെതിരേ പ്രദേശവാസികളായ 26 പേർ ചേർന്ന് ഒറ്റപ്പാലം സബ്കളക്ടർക്കും പരാതിയും നൽകിയിട്ടുണ്ട്.