ലക്കിടി തടയണയിൽ ചെളിനിറഞ്ഞു: വേനലിൽ വെള്ളക്ഷാമം കനക്കും
1496745
Monday, January 20, 2025 1:45 AM IST
ഒറ്റപ്പാലം: ആയിരങ്ങൾക്ക് കുടിവെള്ളം നൽകുന്ന ലക്കിടി തടയണയിൽ അടിഞ്ഞഉകൂടിയ ചെളി നീക്കം ചെയ്യണമെന്നആവശ്യം ശക്തം.മണ്ണും ചെളിയും മണലും നിറഞ്ഞ് തടയണയുടെ ജല സംഭരണശേഷി ഇല്ലാതായികൊണ്ടിരിക്കുകയാണ്.
നാലുപതിറ്റാണ്ട് മുമ്പ് നിർമിച്ച തടയണയാണിത്. ലക്കിടി- പേരൂർ പഞ്ചായത്തിലെ 4,000 കുടുംബങ്ങൾക്കും, തിരുവില്വാമല പഞ്ചായത്തിലെ ചില പ്രദേശങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നത് ലക്കിടി തടയണയിൽനിന്നാണ്.
ലക്കിടി മേഖലയിലെ പ്രധാന പാടശേഖരങ്ങളായ പുത്തരിപ്പാടം, അടിയമ്പാടം, പടിഞ്ഞാറേ പാടം എന്നിവിടങ്ങളിലെ നെൽക്കൃഷിക്ക് ആശ്രയിക്കുന്നതും ഈ തടയണയെയാണ്.
കഴിഞ്ഞവർഷത്തെ കൊടുംവേനലിലാണ് തടയണ ആദ്യമായി പൂർണമായും വരണ്ടത്. അപ്പോഴാണ് തടയണയിൽ ആഴത്തിൽ ചെളിനിറഞ്ഞിരിക്കയാണെന്ന് കണ്ടെത്തിയത്.
തടയണയിലെ ചെളി നീക്കംചെയ്ത് സംഭരണശേഷി നിലനിർത്തണമെന്നുള്ള പൊതുജന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
തടയണയുടെ നിലവിലെ സംഭരണശേഷി നേരിൽക്കണ്ടിട്ടും, പഴയ സംഭരണശേഷി നിലനിർത്താൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.
പഞ്ചായത്തിൽ മാറിമാറിവരുന്ന ഭരണസമിതിക്ക് ചെളിനീക്കുന്ന കാര്യത്തിൽ എകാഭിപ്രായമാണ്. 10 വർഷംമുൻപ് ഭരണത്തിലിരുന്ന യുഡിഎഫ് ഭരണസമിതി ചെളി നീക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
എന്നാൽ, പ്രാവർത്തികമായില്ല. തുടർന്ന്, പത്തുവർഷം ഭരണത്തിലിരുന്ന എൽഡിഎഫ് ഭരണസമിതി ഒൻപതാംവർഷത്തിൽ തടയണയിലെ ചെളിനീക്കി നവീകരിക്കുന്നതിനായി പത്തുലക്ഷംരൂപ നീക്കിവച്ചതായി അറിയിച്ചിരുന്നു.
പക്ഷേ, പ്രഖ്യാപനംനടന്ന് ഒരുവർഷമായിട്ടും ചെളി നീക്കിയില്ല. വേനലിൽ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് ലക്കിടി- പേരൂർ. തടയണയിലെ ചെളി നീക്കം ചെയ്ത് ജല സംഭരണശേഷി കൂട്ടണമെന്ന ആവശ്യം ശക്തമാണ്.