ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു: കണ്ണുതുറക്കാതെ അധികൃതർ
1496747
Monday, January 20, 2025 1:45 AM IST
നെന്മാറ: നെന്മാറ ബസ്റ്റാൻഡിന് പിറകുവശത്ത് പ്ലാസ്റ്റിക് ഭക്ഷണമാലിന്യം തുടങ്ങിയവ കുന്നുകൂടി കിടക്കുന്നു. നിർമൽ ഗ്രാമപഞ്ചായത്തായ നെന്മാറ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് 50 മീറ്റർ അകലെയായി ബസ് സ്റ്റാൻഡിനു പുറകുവശത്താണ് നാൾ തോറും മാലിന്യം കുമിഞ്ഞു കൂടുന്നത്.
നെന്മാറ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ ബസ് സ്റ്റാൻഡിന് മുൻവശം ശുചീകരിക്കാറുണ്ടെങ്കിലും പിൻവശത്തെ മാലിന്യം നീക്കുന്നില്ല. ജലസേചന വകുപ്പിന്റെ കനാൽ ഈ ഭാഗത്തുകൂടെയാണ് പോകുന്നത്. സ്ലാബിട്ട് മൂടിയ പ്രദേശത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്.
ബസ് സ്റ്റാൻഡിലെ വ്യാപാരികളും മാലിന്യങ്ങൾ സ്ഥാപനങ്ങൾക്ക് പുറകിലുള്ള ഈ പ്രദേശത്ത് നിക്ഷേപിക്കാറുണ്ട്. പഞ്ചായത്ത് അധികൃതർ ഇരുചക്ര വാഹന പാർക്കിംഗിന് ഒരുക്കിയ പ്രദേശമാണെങ്കിലും കെട്ടിടത്തിന്റെ മറവിൽ മൂത്രവിസർജനവും മാലിന്യകേന്ദ്രവുമായി മാറി.
നിരവധിതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് അധികൃതർ എന്നിവർ ഇവിടുത്തെ മാലിന്യം നീക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കൊതുക നിയന്ത്രണത്തിനും സാംക്രമിക രോഗ നിർമ്മാർജനത്തിനും നടപടി സ്വീകരിക്കുന്ന ആരോഗ്യവകുപ്പും ഇവിടുത്തെ മാലിന്യക്കൂമ്പാരത്തിനുനേരെ കണ്ണടച്ചിരിക്കുകയാണ്.
പൊതുജനം മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് കാമറ വരെ സ്ഥാപിച്ചിരിക്കുമ്പോഴാണ് പഞ്ചായത്ത് ഓഫീസിന് 100 മീറ്റർ ചുറ്റളവിൽ നീക്കം ചെയ്യാതെ മാലിന്യ കൂമ്പാരം കിടക്കുന്നത്.
രാത്രികാലങ്ങളിൽ പന്നികളും, പകൽ നായ, കാക്ക, പരുന്ത് തുടങ്ങിയ ജീവികളും കൊത്തിവലിച്ചും ചിനക്കിയും പരിസരമാകെ വ്യാപിച്ചിട്ടുണ്ട്.
ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്നതോടെ കാറ്റ് വീശുമ്പോൾ ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിലും തൊട്ടടുത്ത ദേവാലയത്തിനടുത്ത് സമീപത്തേക്കും ദുർഗന്ധം വമിക്കുന്നതിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യം ശക്തമാണ്.