ലോറികളിൽനിന്നു കരിങ്കല്ല് റോഡിൽ വീഴുന്നത് അപകട ഭീഷണി
1496743
Monday, January 20, 2025 1:45 AM IST
ഷൊർണൂർ: ക്വാറികളിൽ നിന്ന് വാഹനങ്ങളിൽ കയറ്റി പോകുന്ന കരിങ്കല്ല് അപകട ഭീഷണിയുയർത്തുന്നു. അമിതഭാരം കയറ്റി പോകുന്ന ലോറികളിൽ നിന്ന് കരിങ്കല്ലുകൾ റോഡിൽ വീഴുന്നത് പതിവായിരിക്കുകയാണ്. വാണിയംകുളം- വല്ലപ്പുഴ റോഡിൽ കഴിഞ്ഞ ദിവസവും ലോറിയിൽനിന്ന് കല്ല് വീണിരുന്നു.
പാടം സ്റ്റോപ്പിനു സമീപത്തെ വളവിലാണ് ലോറിയിൽനിന്നു കല്ല് വീണത്. നേരത്തെ അയോധ്യ നഗർ സ്റ്റോപ്പിന്റെ വളവിലും ലോറിയിൽനിന്നു കല്ല് വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. വാഹനത്തിൽ കയറ്റാൻ പറ്റുന്നതിലധികം കല്ലുകൾ കയറ്റുന്നതാണു ഇതിന് കാരണം. നിറയെ വളവും കയറ്റവുമുള്ള റോഡിൽ കല്ലുകൾ കുത്തിനിറച്ചാണ് ലോറികളുടെ യാത്ര.
മരച്ചില്ലകളിൽ തട്ടുമ്പോഴും വളവുകൾ തിരിയുമ്പോഴും മുകളിൽ കൂട്ടിയിട്ട കല്ലുകൾ റോഡിൽ വീഴുന്ന സ്ഥിതിയാണ്. ഇത് റോഡിൽ യാത്ര ചെയ്യുന്നവർക്ക് അപകടസാഹചര്യമാണുണ്ടാക്കുന്നത്. അമിതഭാരം കയറ്റിയുള്ള യാത്ര കാരണം വാണിയംകുളം-വല്ലപ്പുഴ റോഡ് തകർന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇതുവഴി ദിനംപ്രതി മുപ്പതിലേറെ വലിയ ഭാരവാഹനങ്ങളാണ് അമിതഭാരം കയറ്റിപ്പോകുന്നത്. പകലും രാത്രിയുമായി മെറ്റലും മണലും കല്ലും മറ്റു ജില്ലകളിലേക്കു കയറ്റിക്കൊണ്ടുപോവുകയാണ്.
തൃശൂർ, എറണാകുളം, ആലുവ, പെരുമ്പാവൂർ, ആലപ്പുഴ ഭാഗങ്ങളിലേക്കാണു കരിങ്കല്ലും ക്രഷർ ഉത്പന്നങ്ങളും കയറ്റിപോകുന്നത്. വാണിയംകുളം, ലക്കിടി, മുരുക്കുംപറ്റ, വാടാനാംകുറുശി, പട്ടാമ്പി അടക്കമുള്ള ഭാഗങ്ങളിൽനിന്നാണ് കരിങ്കല്ല് ഉൾപ്പെടെ കയറ്റുന്നത്. ഇതിനാൽത്തന്നെ പാലക്കാട്-കുളപ്പുള്ളി പാതയിൽ ലോറികളുടെ എണ്ണവും കൂടുതലാണ്.
സ്കൂൾ സമയത്തെ നിയന്ത്രണം കഴിഞ്ഞാൽ കുളപ്പുള്ളി- ഷൊർണൂർ റോഡിൽ ദിനംപ്രതി നൂറിലേറെ ലോറികളാണ് കടന്നുപോകുന്നത്.
അമിതഭാരം കയറ്റിപ്പോകുന്ന ഇത്തരം ലോറികൾക്കെതിരേ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.