ഭാരതപ്പുഴയിൽ അടിക്കാടുകൾക്ക് തീയിടുന്നവർക്കെതിരേ കർശന നടപടി
1496744
Monday, January 20, 2025 1:45 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയുടെ അടിക്കാടുകൾക്ക് തീയിടുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി വനംവകുപ്പ്. മായന്നൂർപ്പാലത്തിനു കീഴെയുള്ള പുൽക്കാടുകൾനിറഞ്ഞ ഭാഗത്ത് കഴിഞ്ഞദിവസം തീയിട്ട സാഹചര്യം പരിഗണിച്ചാണ് നടപടി.
പുഴയോടുചേർന്ന ഭാഗത്താണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. അഞ്ചുവർഷംമുൻപ് ഇതേസ്ഥലത്ത് തീയിടുകയും ദേശാടനപ്പക്ഷികളും അവയുടെ മുട്ടകളുമെല്ലാം നശിക്കാനിടയായ സംഭവവുമുണ്ടായിരുന്നു.
അന്നത്തെ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിതട്രിബ്യൂണൽ സ്വമേധയാ കേസുമെടുത്തിരുന്നു. അതേസ്ഥലത്താണ് വീണ്ടും തീയിട്ടത്. മൂന്നേക്കറിലെ ഉണങ്ങിയ പുല്ലുകളിലാണ് തീ പടർന്നത്.
ആറ്റുവഞ്ചിച്ചെടികളിലേക്ക് പടർന്ന തീ തനിയെ കെട്ടുപോയതുകൊണ്ടാണ് കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കാതിരുന്നത്. കാട്ടുതീ പടരാനുള്ള സാഹചര്യമില്ലാത്ത സ്ഥലമാണിതെന്നും മുൻകാലങ്ങളെപ്പോലെ ആരെങ്കിലും തീയിട്ടിതുതന്നെയാകാമെന്നുമാണ് വനംവകുപ്പധികൃതർ പറയുന്നത്. മനഃപ്പൂർവം തീയിടുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് ഓഫീസർ ടി.ടി. ബിനീഷ്കുമാർ വ്യക്തമാക്കി. നവംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലത്താണ് ഇവിടെ ദേശാടനപ്പക്ഷികളെത്തുന്നത്. ഇപ്പോഴും ഈ പ്രദേശത്ത് ദേശാടനപ്പക്ഷികൾ വന്നുപോകുന്നുണ്ടെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്.
പ്രജനനകാലമായതിനാൽ അവയുടെ മുട്ടകളും ഈ പ്രദേശത്തെ കാടുകളിലുണ്ട്. കൂടുതലും ആറ്റുവഞ്ചിച്ചെടികൾ പൂത്തുനിൽക്കുന്ന ഭാഗത്താണുള്ളത്. വരും ദിവസങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തൽ അടക്കമുള്ള നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.