കാട്ടുകൊമ്പൻ കാടുകയറിയെന്ന് വനംവകുപ്പ് അധികൃതർ
1496749
Monday, January 20, 2025 1:45 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയലിറങ്ങി മലയോരവാസികളെ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ കാട്ടിലേക്ക് കയറിപ്പോയെന്നു വനംവകുപ്പ് അധികൃതർ. ശനിയാഴ്ച പകൽസമയം ഓടംതോട് സിവിഎം കുന്നിലെ തേക്കുതോട്ടത്തിൽ കറങ്ങിയ ആന വൈകീട്ട് ചൂരുപാറ മണ്ണെണക്കയം വഴി കാട്ടിലേക്ക് കയറിയെന്ന് കരിങ്കയം ഫോറസ്റ്റ് ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം പറഞ്ഞു.
ആന കയറിപ്പോയതിന്റെ കാൽപ്പാടുകളും വഴിയിലെ കൃഷിയിടത്തിലുള്ള വിളകൾ തിന്നിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പകൽസമയം ആനയെ കണ്ടിട്ടുമില്ല.
ഡാമിൽ വെള്ളവും സമീപ പ്രദേശങ്ങളിൽ തീറ്റയും കണ്ടിട്ടുള്ള ആന വീണ്ടും തിരിച്ചുവരുമെന്ന കണക്കുകൂട്ടലിലാണ് വനപാലകരും. ഇതിനാൽ പ്രദേശത്തെ നിരീക്ഷണവും ജാഗ്രതാ നിർദേശവും തുടരുന്നുണ്ടെന്നു ഡെപ്യുട്ടി ആർഒ പറഞ്ഞു.
സാധാരണ വന്നവഴി തന്നെയാണ് ആനകൾ തിരിച്ചു കാടുകയറാറുള്ളത്. ഇതിപ്പോൾ മറ്റൊരു ദിശയിലൂടെയാണ് സ്വയം കാടുകയറിട്ടുള്ളത്. ഇതും തിരിച്ചുവരവിനുളള സാധ്യത വർധിപ്പിക്കുന്നുണ്ട്.
ശനിയാഴ്ച അതിരാവിലെയാണ് റിസർവോയറിലെ അട്ടവാടി ഭാഗത്ത് മത്സ്യ തൊഴിലാളികൾ കാട്ടുകൊമ്പനെ കണ്ടത്. വെള്ളത്തിൽ മുങ്ങിക്കുളിച്ചിരുന്ന ആന പിന്നീട് അട്ടവാടിക്കടുത്ത് സിവിഎം കുന്ന് പ്രദേശത്തേക്ക് കയറുകയായിരുന്നു. പകലേറെ സമയം അവിടെ തങ്ങിയ ആന പിന്നീട് മാറി രാത്രിയോടെ കാടുകയറി എന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.
കവിളുപ്പാറ ആദിവാസി കോളനി വഴി, സിവിഎംകുന്ന്, ചൂരുപ്പാറ, മണ്ണെണക്കയം തുടങ്ങിയ പ്രദേശങ്ങളിൽ വനപാലകസംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ആന ഒഴികെ പുലി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ചുരുപ്പാറ, കവിളുപ്പാറ, മണ്ണെണക്കയം ഭാഗത്ത് സർവസാധാരണമാണ്. കരിമ്പുലിയും പ്രദേശത്തുണ്ട്.
ഇതിനിടെയാണ് ഇപ്പോൾ ആനയും മലയോര വാസികളുടെ ഉറക്കംകെടുത്തി എത്തിയിട്ടുള്ളത്. മംഗലംഡാമിൽ നിന്നും കരിങ്കയം ഓടംതോടുവഴി ചൂരുപ്പാറക്ക് നന്നേ വീതി കുറഞ്ഞ വളവുകളുള്ള റോഡാണുള്ളത്. ഇതിനാൽ വളരെ ജാഗ്രതയോടെ മാത്രമെ ഇതിലൂടെ യാത്ര ചെയ്യാനാകൂ.