പട്ടാമ്പി തടയണയുടെ നിർമാണം ഈ വർഷംതന്നെ പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ
1496748
Monday, January 20, 2025 1:45 AM IST
ഷൊർണൂർ: പട്ടാമ്പി തടയണയുടെ നിർമാണം ഈ വർഷംതന്നെ പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പട്ടാമ്പിയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാനും വേനലിൽ കൃഷിക്കു വെള്ളം ലഭ്യമാക്കാനും ഭാരതപ്പുഴയിൽ നിർമിക്കുന്ന തടയണവഴി സാധിക്കുമെന്നു എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ ശ്രമഫലമായി 2021- 22 സാമ്പത്തിക വർഷത്തിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടാമ്പി ചെക്ക് ഡാമിന് 32.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തടയണ നിർമാണത്തിന് 21.47 കോടിക്കു കരാർ നൽകി.
തടയണയ്ക്ക് 310 മീറ്റർ നീളവും 2 മീറ്റർ ഉയരവുമുണ്ട്. പട്ടാമ്പി നഗരസഭയിലെ കിഴായൂർ ഭാഗത്തെയും തിരുമിറ്റക്കോട് പഞ്ചായത്തിലെ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണു തടയണ നിർമിക്കുന്നത്.
തടയണ നിർമാണം പൂർത്തിയാകുന്നതോടെ പട്ടാമ്പി, ഓങ്ങല്ലൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രദേശത്തെ 947 ഹെക്ടർ സ്ഥലത്തെ കാർഷിക ആവശ്യങ്ങൾക്കും പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസുകൾക്കും ഗുണംചെയ്യും. ഇതോടൊപ്പം ടൂറിസം മുന്നിൽക്കണ്ട് അടുത്ത ഘട്ടത്തിൽ സന്ദർശകർക്കു സമയം ചെലവഴിക്കാൻ പാർക്ക് നിർമാണസാധ്യതയും ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ ചെക്ക്ഡാമിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇടതുകരയുടെ സംരക്ഷണഭിത്തി കുറച്ചു ഭാഗത്തും പുഴ വരുന്ന ഭാഗത്തെ ചെക്ക് ഡാമും മറ്റ് അനുബന്ധ പ്രവൃത്തികളുമാണു ശേഷിക്കുന്നത്.
അത് അടുത്ത കാലവർഷത്തിനു മുന്നേ തീർക്കാനുള്ള ശ്രമമാണു നടത്തി വരുന്നത്. പാർക്ക് വരുന്നതോടെ റോഡിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാകും.