പട്ടാമ്പി ഫയർഫോഴ്സിന് ഉടൻ സ്വന്തം കെട്ടിടം ഉയരും; നടപടികൾക്കു തുടക്കം
1497010
Tuesday, January 21, 2025 1:51 AM IST
ഷൊർണൂർ: പട്ടാമ്പി ഫയർഫോഴ്സിന് ഉടൻ സ്വന്തം കെട്ടിടമാവും. പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ ഓഫീസിൽനിന്ന് പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനാവശ്യമായി നടപടികളായി.
കെട്ടിടനിർമാണത്തിനു തടസമായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.മൂന്നരവർഷമായി പട്ടാമ്പിയിൽ ഫയർഫോഴ്സ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഉദ്യോഗസ്ഥരെല്ലാം ബുദ്ധിമുട്ടിലാണ്. 2022- 2023 ബജറ്റിൽ മൂന്നുകോടി രൂപ കെട്ടിടനിർമാണത്തിനായി നീക്കിവച്ചതാണ്. പഴയ പട്ടാമ്പിചന്ത നിന്നിരുന്ന സ്ഥലത്താണ് കെട്ടിടനിർമാണം. ഇരുനിലക്കെട്ടിടവും വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവുമുണ്ടാകും. പട്ടാമ്പി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണത്തിന്റെ മേൽനോട്ടം.
യോജിച്ചസ്ഥലം ലഭിക്കാത്തതാണ് കെട്ടിടനിർമാണം വൈകാൻ കാരണം. പിന്നീട് പഴയ ചന്തയുണ്ടായിരുന്ന സ്ഥലത്തിൽനിന്ന് 18 സെന്റ് ലഭിച്ചു. ഇത് രൂപരേഖപ്രകാരം കെട്ടിടം പണിയാൻ തടസമായതോടെ മറികടക്കാൻ രൂപരേഖ മാറ്റി ഇരുനിലക്കെട്ടിടമാക്കി. എന്നാൽ, സ്വന്തം വാഹനങ്ങൾ തിരിച്ചിടാൻപോലും സ്ഥലസൗകര്യമില്ലാത്തതു വലിയ പ്രശ്നമായി. തുടർന്ന്, മുഹമ്മദ് മുഹ്സിൻ എംഎൽഎയും നഗരസഭയുമിടപെട്ട് ഗ്രന്ഥശാലയ്ക്ക് കെട്ടിടം പണിയാൻ നീക്കിവച്ച സ്ഥലംകൂടി ലഭ്യമാക്കിയതോടെ പരിഹാരമായി.
നിലയം തുടങ്ങിയപ്പോൾ പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടത്തിൽ സ്ഥലപരിമിതി വലിയ പ്രശ്നമായതിനാൽ നാലഞ്ചുമാസംമുൻപ് കൂമ്പൻകല്ലിലെ കൂടുതൽ സൗകര്യമുള്ള മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് നിലയം മാറ്റുകയുംചെയ്തു.
നിലവിൽ സ്റ്റേഷൻ ഓഫീസർ, അസി. ഓഫീസർ, സ്റ്റേഷൻ ക്ലാർക്ക്, സീനിയർ ഫയർ സെക്യൂരിറ്റി ഓഫീസർ എന്നിവർക്കുള്ള മുറികളും കാര്യാലയവും ശൗചാലയങ്ങളും സ്റ്റോർമുറികളുമുള്ള ഇരുനിലക്കെട്ടിടമാണ് നിർമിക്കുന്നത്.