ശുചിത്വ ഉച്ചകോടിയിൽ തിളങ്ങി ചെറുപുഷ്പം സ്കൂളിലെ ആതിര
1497009
Tuesday, January 21, 2025 1:51 AM IST
വടക്കഞ്ചേരി: കുടുംബശ്രീ സംസ്ഥാന മിഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച ശുചിത്വോത്സവം ബാലസഭ ഹരിത കാമ്പയിനിന്റെ ഭാഗമായി നടത്തിയ ദേശീയ ഉച്ചകോടിയിൽ തിളങ്ങി ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിലെ ആതിര ബാബു.
കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുത്ത ഉച്ചകോടിയിലായിരുന്നു ആതിരയുടെ മിന്നുംപ്രകടനം.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലായിരുന്നു ആതിരയുടെ പ്രോജക്ട് അവതരണം. 2023 ഏപ്രില്‍ 24ന് തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ശുചിത്വോത്സവത്തിന്റെ ഭാഗമായി നടത്തിയത്. പിന്നീട് ശുചിത്വോത്സവം 2.0 എന്ന കാമ്പയിൻ കുടുംബശ്രീ ഏറ്റെടുത്തു.
ജില്ലാതലത്തിൽ മികവു കാട്ടിയ 10 കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രോജക്ട് തയാറാക്കുന്നതിനുള്ള പരിശീലനം നല്കി.
ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളായിരുന്നു ആതിര ബാബു. പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിനിയാണ് ഈ മിടുക്കി.