സിപിഎം ജില്ലാ സമ്മേളനം 21 മുതൽ തത്തമംഗലത്ത്
1496183
Saturday, January 18, 2025 12:24 AM IST
ചിറ്റൂർ: സിപിഎം ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ തത്തമംഗലത്തു നടക്കും. രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ 21 ന് രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
23ന് വൈകുന്നേരം മേട്ടുപ്പാളയത്തു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ എംപി, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം.സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.
നാളെ തത്തമംഗലം പൊതുസമ്മേളനനഗരിയിൽ രണ്ടായിരം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. 21 നും 22 നും പൊതുസമ്മേളന നഗരിയിൽ സെമിനാറുകൾ നടക്കും. ജില്ലയിൽ കഴിഞ്ഞ മൂന്നുവർഷം പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംഘടന ശക്തമാക്കുന്നതിനുള്ള കർമപരിപാടികളും സമ്മേളനത്തിൽ രൂപംനൽകും.
ജില്ലയിൽ 3402 ബ്രാഞ്ച് സമ്മേളനങ്ങൾ, 170 ലോക്കൽ സമ്മേളനങ്ങൾ, 15 ഏരിയ സമ്മേളനങ്ങൾ എന്നിവ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്കു കടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 409 പ്രതിനിധികൾ പങ്കെടുക്കും.