വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്നു കിഫ
1496182
Saturday, January 18, 2025 12:24 AM IST
നെന്മാറ: റവന്യു പട്ടയഭൂമിയിലെ ചട്ടലംഘനങ്ങൾ പരിശോധിക്കുവാനുള്ള സംസ്ഥാനം, ജില്ല, താലൂക്ക് തലത്തിൽ രൂപീകരിക്കുന്ന സമിതികളിൽ നിന്ന് വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു.
സമിതിയിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള നടപടികളെ തടസപ്പെടുത്താനാണെന്നാണ് കിഫയുടെ ആക്ഷേപം. സംസ്ഥാന തലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രതിനിധി, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ഡയറക്ടർ, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടറും.
ജില്ലാ തലത്തിൽ ജില്ലാ കളക്ടർ, ഡി എഫ് ഒ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എന്നിവരും താലൂക്ക് തലത്തിൽ തഹസിൽദാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാമെന്നാണ് ഇതു സംബന്ധിച്ച കേസിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
നിലവിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽപോലും വനം വകുപ്പിനെയും കാലാവസ്ഥ വ്യതിയാന വകുപ്പിനെയും ഉൾപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പുതുതായി റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വനം വകുപ്പിനെ തിരുകി കേറ്റാനാണ് ശ്രമമെന്നും കിഫ കുറ്റപ്പെടുത്തി.
മൂന്നു തലങ്ങളിൽ നിന്നും വനം, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ സത്യവാങ്മൂലം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എം. അബ്ബാസ്, ഡോ.സിബി സക്കറിയാസ്, ജോമി മാളിയേക്കൽ ,രമേശ് ചേവക്കുളം ,ദിനേശ് ചൂലന്നൂർ, ജോഷി പാലക്കുഴി സോണി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.