പട്ടയഭൂമിയിലെ ചട്ടലംഘന പരിശോധനാസമിതിയിൽനിന്ന് ഫോറസ്റ്റ് പ്രതിനിധികളെ ഒഴിവാക്കണം: കിഫ
1496174
Saturday, January 18, 2025 12:23 AM IST
പാലക്കാട്: പട്ടയഭൂമിയിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ ഇടക്കാലവിധിപ്രകാരം ചട്ടലംഘനങ്ങൾ പരിശോധിക്കുവാനുള്ള സമിതിയിൽ നിന്നും ഫോറസ്റ്റ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കിഫ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനതലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ പ്രതിനിധി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഡയറക്ടർ, എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ എന്നിവരും ജില്ലാ തലത്തിൽ ജില്ലാ കളക്ടർ, ഡിഎഫ്ഒ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എന്നിവരും താലൂക്ക് തലത്തിൽ തഹസിൽദാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുമാണുള്ളത്.
റവന്യൂ വകുപ്പിന്റെ പൂർണ അധികാര പരിധിയിൽ ഉള്ള കൃഷിഭൂമിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള സമിതിയിൽ വനംവകുപ്പിന്റെയും കാലാവസ്ഥ വ്യതിയാന വകുപ്പിന്റെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധ്യമല്ല.
അതിനാൽ മൂന്നുതലങ്ങളിൽ നിന്നും ഫോറസ്റ്റ് വകുപ്പിന്റെയും കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ സത്യവാങ്മൂലം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.