ഒറ്റപ്പാലം- കിഴൂർറോഡ് നവീകരണം: 700 മരങ്ങൾക്കുനേരെ കോടാലിക്കൈ
1496179
Saturday, January 18, 2025 12:24 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം- കിഴൂർ റോഡ് നവീകരണത്തിനായി 700 മരങ്ങൾ മുറിച്ചുമാറ്റുന്നു. ഒറ്റപ്പാലംമുതൽ കിഴൂർ റോഡ്വരെയുള്ള 11 കിലോമീറ്റർ ദൂരത്തിലാണ് ഇത്രയും മരങ്ങളുള്ളത്.
മരങ്ങൾ മുറിച്ചെടുക്കാൻ ആളെ കിട്ടാത്തതാണ് ഇവയുടെ ആയുസ് നീണ്ടുപോകാൻ കാരണമായത്. മരംമുറി ദർഘാസെടുക്കാൻ ആളില്ലാത്തത് റോഡ് നവീകരണത്തിനും പ്രശ്നമായിട്ടുണ്ട്. പാതയുടെ ഇരുവശത്തെയും മരങ്ങൾ മുറിക്കുന്നതിന് ആറുതവണ ദർഘാസ് ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തില്ലന്നാണ് അധികൃതർ പറയുന്നത്.
ഒറ്റപ്പാലംമുതൽ കിഴൂർ റോഡ്വരെയുള്ള 11 കിലോമീറ്ററിൽ ഏകദേശം 700 ഓളം മരങ്ങളുണ്ടെന്നത് വനംവകുപ്പിന്റെ കണക്കാണ് . ഇതിനു പത്തുലക്ഷം രൂപയാണ് അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്.
ഉയർന്ന തുകയായതിനാലാണ് ആരും ദർഘാസെടുക്കാൻ തയാറാകാത്തതെന്നാണു വിവരം. ഇതുകാരണം പാതയുടെ നവീകരണനടപടികൾ മുടങ്ങിയിരിക്കയാണ്. പാതയുടെ അലൈൻമെന്റിന്റെ ഭാഗമായി കെഎസ്ഇബി, ജല അഥോറിറ്റി എന്നിവരുടെ പ്രവൃത്തികൾക്ക് മരങ്ങൾ വെട്ടിമാറ്റുന്നതിലെ കാലതാമസം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
11 കിലോമീറ്റർ വരുന്ന പാത 54 കോടിരൂപ ചെലവിൽ വീതികൂട്ടി റബ്ബറൈസ് ചെയ്താണ് നവീകരിക്കുന്നത്.