വിവിധ പളളികളിൽ തിരുനാൾ ആഘോഷം
1496178
Saturday, January 18, 2025 12:23 AM IST
കരിങ്കയം സെന്റ് മേരീസ് പള്ളിയിൽ കൊടിയേറ്റവും ജൂബിലി ഉദ്ഘാടനവും
മംഗലംഡാം: കരിങ്കയം സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറ്റവും സുവർണ ജൂബിലി ഉദ്ഘാടനവും നടന്നു. ഇന്നലെ വൈകുന്നേരം ഫൊറോന വികാരി ഫാ. സുമേഷ് നാൽപ്പതാംകളം കൊടിയേറ്റുകർമം നിർവഹിച്ചു.
തുടർന്ന് കുർബാന, ജൂബിലി ഉദ്ഘാടനം എന്നിവ നടന്നു. ഇന്നു വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ.
രൂപതയിലെ നവവൈദികരായ ഫാ. ഫെർണാണ്ടോ കുറ്റിക്കാടൻ, ഫാ. അരുൺ വാളിപ്ലാക്കൽ, ഫാ. ഐബിൻ പെരുമ്പള്ളിൽ, ഫാ. ടോണി ചേക്കയിൽ എന്നീ വൈദികർ കാർമികരാകും. പ്രധാന തിരുനാൾ ദിവസമായ നാളെ വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന. മേലാർക്കോട് ഫൊറോന വികാരി ഫാ. സേവ്യർ വളയത്തിൽ കാർമികനാകും.
ഫാ. അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, കുരിശിന്റെ ആശിർവാദം, ആകാശ വിസ്മയം, ചെണ്ടമേളം, സ്നേഹവിരുന്ന്. 20ന് വൈകുന്നേരം 5.30ന് കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നീ ശുശ്രൂഷകളോടെ തിരുനാളിനു സമാപനമാകും. വികാരി ഫാ. ലീരാസ് പതിയാൻ, കൺവീനർ സോളി ചിറയിൽ, കൈകാരന്മാരായ ജോഷി വരവുകാലായിൽ, ആദർശ് പുളിക്കക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.
എളവംപാടം സെന്റ് തോമസ് പള്ളിയിൽ
വടക്കഞ്ചേരി: എളവംപാടം സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. മാത്യു ഞൊങ്ങിണിയിൽ തിരുനാൾ പതാക ഉയർത്തി.
തുടർന്ന് കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ലൈറ്റ് സ്വിച്ച്ഓൺകർമം എന്നിവ നടന്നു. ഫാ. ജോയ്സൺ ആക്കാപറമ്പിൽ കാർമികനായി.
ഇന്നുവൈകുന്നേരം 4. 30ന് ആഘോഷമായ കുർബാന, സന്ദേശം, ലദീഞ്ഞ്. തൃശൂർ കുറുമാൽ ഗാഗുൽത്താ താവു വിഷൻ ഡയറക്ടർ ഫാ. റോജർ വാഴപ്പിള്ളി കാർമികനാകും. രാത്രി ഏഴിന് ഇടവകാംഗങ്ങളുടെ കലാവിരുന്ന്. പ്രധാന തിരുനാൾ ദിവസമായ നാളെ ഉച്ചയ്ക്കുശേഷം 3. 30ന് ആഘോഷമായ തിരുനാൾ കുർബാന.
വണ്ടാഴി സാൻപിയോ ആശ്രമം സുപ്പീരിയർ ഫാ. ആന്റണി വടക്കൻ കാർമികനാകും. മുണ്ടൂർ യുവക്ഷേത്ര കോളജ് ഡയറക്ടർ റവ. ഡോ. മാത്യുജോർജ് വാഴയിൽ സന്ദേശം നൽകും. തുടർന്ന് പ്രദഷിണം. വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ആനന്ദ് റാവു കുരിശിന്റെ ആശിർവാദം നൽകും.
തുടർന്ന് വർണവിസ്മയം, ബാൻഡുമേളം, ചെണ്ടമേളം. 20ന് രവിലെ 6.30ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള കുർബാന, സെമിത്തേരിയിൽ ഒപ്പീസ്. വികാരി ഫാ. മാത്യു ഞൊങ്ങിണിയിൽ കൈക്കാരന്മാരായ ചാക്കോ ഇമ്മട്ടി, റോയ് നെല്ലിശേരി, കൺവീനർ ഡിനോയ് കോമ്പാറ, ജോയിന്റ് കൺവീനർ ബെന്നി മറ്റപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.
പൂഞ്ചോല ചെറുപഷ്പ ദേവാലയം
കാഞ്ഞിരപ്പുഴ: പൂഞ്ചോല ചെറുപഷ്പ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യായുടേയും വിശുദ്ധ സെബസ്ത്യാനോസിൻരെയും തിരുനാളിനു കൊടിയേറി.
ഇടവക വികാരി ഫാ. സെബിൻ ഉറുകുഴിയിൽ കൊടിയേറ്റി. തുടർന്ന് ഫാ. നിവിൽ വർഗീസിന്റെ കാർമികത്വത്തിലുള്ള കുർബാന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു.
ഇന്നുച്ചയ്ക്ക് 2.30 ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, തുടർന്ന് ഫാ. കുര്യാക്കോസ് മാരിപ്പുറത്തിന്റെ കാർമികത്വത്തിലുള്ള കുർബാന, ലദീഞ്ഞ്, ഫാ. സീജോ കാരിക്കാട്ടിലിന്റെ വചന സന്ദേശം, മാന്തോണി കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, സെന്റ് ജോസഫ്സ് കലാസമിതി അവതരിപ്പിക്കുന്ന വിലാപങ്ങൾ നാടകം എന്നിവയുണ്ടാകും.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ പത്തിനു ഫാ. ജെയ്സൺ കൊള്ളന്നൂരിന്റെ കാർമികത്വത്തിൽ കുർബാന, ഫാ. ആൽബിൻ വെട്ടിക്കാട്ടിന്റെ വചനസന്ദേശം, ആറിനു പൊതുസമ്മേളനം, ഇടവകദിനാഘോഷം.
ഞാറക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി
മുണ്ടൂർ: ഞാറക്കോട് സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നടന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് കൊടുവായൂർ ഇടവക വികാരി ഫാ. അശ്വിൻ കണിവയലിൽ വിശുദ്ധ കുർബാനയും ലദീഞ്ഞും അർപ്പിക്കും. പ്രധാന തിരുനാൾദിനമായ നാളെ വൈകുന്നേരം നാലിന് ഫാ. കുര്യാക്കോസ് മാരിപുറത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിക്കും. വികാരി ജനറാൾ മോണ്. ജീജോ ചാലക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം കല്ലേപ്പിള്ളി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നയിക്കും.
സമാപനത്തിൽ കുരിശിന്റെ ആശീർവാദവും സ്നേഹവിരുന്നും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. വികാരി ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ, തിരുനാൾ കണ്വീനർ തോമസ് മുട്ടത്തിൽ, കൈക്കാരന്മാരായ ഷിജി കല്ലുവേലിൽ, ജെറിൻ ചിറയിൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ഒരുക്കങ്ങൾ.
കുറവൻപാടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
അഗളി: കുറവൻപാടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്കും സുവർണ ജൂബിലി സമാപന ആഘോഷങ്ങൾക്കും കൊടിയേറി. ഇന്നലെ വൈകുന്നേരം നാലിന് ഇടവക വികാരി ഫാ. ആനന്ദ് അമ്പൂക്കൻ തിരുനാൾ കൊടിയുയർത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ. 3 15ന് പള്ളിയിലെത്തുന്ന പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനു ഇടവക വികാരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ തിരുകർമങ്ങൾ.
അഞ്ചിനു കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് ആകാശവിസ്മയം, സ്നേഹവിരുന്ന്, പൊതുസമ്മേളനം എന്നിവയുണ്ടാവും. എംഎൽഎ എൻ. ഷംസുദ്ദീൻ പൊതുസമ്മേളനത്തിൽ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് മിസിസ്സാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ ആഘോഷമായ ജൂബിലി തിരുനാൾ കുർബാനക്ക് മുഖ്യകാർമികത്വം നൽകി തിരുനാൾ സന്ദേശം നൽകും. അഞ്ചിനു പ്രദക്ഷിണം, സ്നേഹവിരുന്ന്.
വൈകുന്നേരം ഏഴിന് ഉദേഷ് കലാഭവൻ നയിക്കുന്ന സൂപ്പർ മെഗാ ഷോ. തിങ്കൾ വൈകുന്നേരം നാലിന് പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ തിരുനാൾ കൊടിയിറങ്ങും.
ഇടവക വികാരി ഫാദർ ആനന്ദ് അമ്പൂക്കൻ, കൈക്കാരന്മാരായ സാബു കപ്പലുമാക്കൽ, ജോർജ് കൈപ്പാങ്കൽ, കൺവീനർമാരായ പ്രിൻസ് കാക്കാംപറമ്പിൽ, അനിൽ പൂക്കുന്നേൽ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.
പൊൻകണ്ടം സെന്റ് ജോസഫ് പള്ളി
മംഗലംഡാം: പൊൻകണ്ടം സെന്റ് ജോസഫ് പള്ളി തിരുനാളിനു കൊടിയേറി. മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം തിരുനാൾ കൊടിയേറ്റം നടത്തി.
ഇടവക വികാരി ഫാ. സജി ജോസഫ്, സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സെബിൻ കരുത്തി എന്നിവർ സന്നിഹിതരായിരുന്നു. ഇന്നത്തെ തിരുക്കർമങ്ങൾ ഉച്ചകഴിഞ്ഞു 3.30 ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, തുടർന്ന് വിശ്വാസികൾക്ക് കഴുന്നെടുക്കുന്നതിനുള്ള അവസരം.
തുടർന്ന് നാലരയ്ക്ക് ആഘോഷപൂർവമായ ദിവ്യബലിക്ക് ജനപ്രകാശം അസി. ഡയറക്ടർ ഫാ. ജിബിൻ കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. കല്ലേപ്പിള്ളി സെന്റ് മേരീസ് സെമിനാരി വൈസ് റെക്ടർ ഫാ. ഡോ. ജോബിൻ കഞ്ഞിരത്തിങ്കൽ വചനസന്ദേശം നല്കും. തുടർന്ന് വിവിധ ചായകളുടെ രുചി വൈഭവം അവതരിപ്പിക്കുന്ന ചായ@ പൊൻകണ്ടം എന്ന പ്രോഗ്രാമും, ആകാശവിസ്മയവും നടക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ മൈനർ സെമിനാരിയിലെ ഫാ. അൽജോ കുറ്റിക്കാട്ട് മുഖ്യകാർമികനാകും. വചനസന്ദേശം നവവൈദികൻ ഫാ. ഐ ബിൻ പെരുപിള്ളി നിർവഹിക്കും. തുടർന്ന് പൂതക്കുഴി കുരിശടിയിടേക്കു പ്രദിക്ഷണം. രാത്രി ഏഴിനു നേർച്ചയും, വാദ്യമേളങ്ങളും, ആകാശവിസ്മയവും നൂറ് കലാപ്രതിഭകൾ അരങ്ങിലെത്തുന്ന നിലാവ് 2കെ25 കലാവിരുന്നും അരങ്ങേറും.
കാരറ സെന്റ് ജോസഫ് പള്ളി
അഗളി: കാരറ സെന്റ് ജോസഫ് ദേവാലയത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്നലെ വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ജോഷി പുത്തൻപുരക്കൽ തിരുനാൾ കൊടിയുയർത്തി. തിരുകർമങ്ങൾക്കു ഫാ. ബിജു പ്ലാത്തോട്ടത്തിൽ കാർമികത്വം വഹിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുകർമങ്ങൾ ആരംഭിക്കും. രാജഗിരി സെന്റ് സ്റ്റീഫൻസ് ചർച്ച് വികാരി ഫാ. സ്റ്റാബിൻ നീർപ്പാറമലയിൽ മുഖ്യകാർമികത്വം വഹിക്കും. ത്രിത്വമല ഹോളി ട്രിനിറ്റി ചർച്ച വികാരി ഫാ. ജോസ് ചെനിയാറ സന്ദേശം നൽകും. തുടർന്ന് മുണ്ടൻപാറ കപ്പേളയിലേക്ക് പ്രദക്ഷിണം. നാളെ രാവിലെ പത്തിന് തെലുങ്കാന അദിലബാത് രൂപതയിലെ ഫാ. എബിൻ ഒറ്റക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ തിരുകർമങ്ങൾ. ഇരിഞ്ഞാലിക്കുട ജോൺപോൾ ഭവൻ റെക്ടർ ഫാ. ജയ്സൺ വടക്കുഞ്ചേരി വചനസന്ദേശം നൽകും.11:45 നു കാരറ ജംഗ്ഷനിലേക്ക് പ്രദക്ഷിണവും തുടർന്ന് കുരിശിന്റെ ആശീർവാദവും. തിങ്കൾ രാവിലെ 6:45 നു പരേതസ്മരണ. ഇടവക വികാരി ഫാ.ജോഷി പുത്തൻപുരക്കൽ, തിരുനാൾ കൺവീനർ ജയ്മോൻ പാറയാനിയിൽ, കൈക്കാരന്മാരായ ജോണി മംഗലത്ത്, ജേക്കബ് മുല്ലപ്പള്ളി നേതൃത്വം നൽകും.