റോഡ് കൾവർട്ട് അപകടഭീഷണിയിൽ; കുറവൻപാടി നിവാസികൾ ഭീതിയിൽ
1496169
Saturday, January 18, 2025 12:23 AM IST
അഗളി: ‘അപകടം സംഭവിച്ച ശേഷം വിലപിക്കുകയല്ല, അപകടസാധ്യത ഉണ്ടാകാതെ സംരക്ഷിക്കുകയാണ് വേണ്ടത്’. അട്ടപ്പാടി മേലെ കുറവൻപാടി -ഒൻപത് നിവാസികളുടെ സർക്കാരിനോടുള്ള അപേക്ഷയാണിത്. കുറവൻപാടിയിൽ നിന്നും മേലെ കുറവൻപാടി-ഒൻപത് പ്രദേശത്തേക്കുള്ള റോഡിന്റെ കൾവർട്ട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം അപകടകരമാംവിധം തകർന്ന നിലയിലാണ്.
പ്രദേശത്ത് 2018 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകളും നാൽക്കാലികളും ഒഴുകിപോയിരുന്നു. ഉരുൾപൊട്ടലിൽപെട്ട പ്രദേശത്തെ കലുങ്കും സംരക്ഷണത്തിയും ഒക്കെ തകർന്നു. പിന്നീട് ഓരോ വർഷവും അനുഭവപ്പെട്ട കുത്തൊഴുക്കിൽപെട്ട് കലുങ്കിന്റെ അടിയിലുള്ള മണ്ണും കോൺക്രീറ്റുകളും ഒഴുകിപ്പോയി.
റോഡിന്റെ അപകടാവസ്ഥ ഡ്രൈവർമാർക്ക് മനസിലാക്കാനും കഴിയില്ല. ഏത് സമയത്തും അടർന്നുവീഴാവുന്ന ദുർബലമായ അപകടവഴിയിലൂടെയാണ് ഇപ്പോൾ വാഹനങ്ങളോടുന്നത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ ജിയോളജിക്കൽ വകുപ്പിന്റെ നിർദേശപ്രകാരം പ്രദേശത്തു നിന്നും മാറ്റിപാർപ്പിച്ചെങ്കിലും അപകടനിലയിലുള്ള കൾവർട്ട് പുന:സ്ഥാപിക്കാൻ നടപടികൾ ഉണ്ടായില്ലന്ന് നിവാസികൾ പറയുന്നു. പ്രദേശത്തേക്കുള്ള റോഡിന്റെ സ്ഥിതിയും മറിച്ചല്ല. കുത്തനെയുള്ള കയറ്റങ്ങളിൽ മഴ ചാറിയാൽ മണ്ണും കല്ലും കൂടികലർന്ന് കാൽനടയാത്ര വരെ അസാധ്യം.
ഇവിടെ ആട്ടപ്പാട്ട് മലയിൽ ഉള്ള കർഷകരുടെ സ്ഥിതിയും ദയനീയമാണ്. ആട്ടപ്പാട്ട് മലയിലേക്കുള്ള വാഹനഗതാഗതം ഇന്നും മരീചികയായി അവശേഷിക്കുന്നു. അഗളി ഗ്രാമപഞ്ചായത്തിലെ കുറവൻപാടിയിൽ നിന്നും ശിർവാണിപ്പുഴ മുറിച്ചുകടന്ന് രണ്ട് കിലോമീറ്റർ മലകയറി വേണം ഷോളയൂർ പഞ്ചായത്തിലെ മേലകുറവൻപാടിയിലെത്താൻ. ആദ്യകാല കുടിയേറ്റ കർഷകരായ നിരവധി കുടുംബങ്ങളിവിടെ കഴിയുന്നു.
കാപ്പി, കുരുമുളക്, കമുക്, ഏലം, തേയില തുടങ്ങിയവയാണ് പ്രധാന കൃഷികൾ. ഇവരുടെ ജീവിതദുരിതം പറഞ്ഞറിയിക്കാനാവില്ല. റോഡിന്റെ ശോച്യാവസ്ഥ മൂലം ഭക്ഷണസാധനങ്ങൾ തലച്ചുമടായി വേണം വീട്ടിലെത്തിക്കാൻ. വൃദ്ധരെയും രോഗികളെയും മഞ്ചലിൽ ചുമക്കേണ്ട സ്ഥിതി. വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന അമ്പതോ നൂറോ മീറ്റർ റോഡ് നിർമാണകൊണ്ട് ഒരു ഫലവും ഇല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. വികസനമുരടിപ്പു മൂലം അയൽപക്കങ്ങൾ ഇല്ലാത്ത വീടുകളായി പ്രദേശം മാറിക്കഴിഞ്ഞു.