വാണിയംകുളത്തെ വികസനപദ്ധതികൾ കടലാസിലൊതുങ്ങി
1496175
Saturday, January 18, 2025 12:23 AM IST
ഒറ്റപ്പാലം: വാണിയംകുളത്തിന്റെ മുഖഛായ മാറ്റാൻ ആവിഷ്ക്കരിച്ച വികസനപദ്ധതികൾ കടലാസിലൊതുങ്ങി. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കന്നുകാലിച്ചന്ത, റബറൈസ് ചെയ്ത റോഡുകൾ, ഗാലറിയോടു കൂടിയ ഫുട്ബോൾ മൈതാനം, ഓപ്പൺ ഓഡിറ്റോറിയം, മരത്തിനു ചുറ്റും ഇരിപ്പിടങ്ങൾ ഇതെല്ലാമായിരുന്നു വാണിയകുളത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ.
പനയൂർ റോഡ് മുതൽ കോതകുറുശി കവല വരെയുള്ള 700 മീറ്റർ റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിനും തീരുമാനമുണ്ടായിരുന്നു. അതിനോടൊപ്പം റോഡിന്റെ ഒരു വശം നടപ്പാതയ്ക്കായി ഇന്റർലോക്ക് ചെയ്ത് നവീകരിക്കുകയും ചെയ്യുമെന്നായിരുന്നു അറിയിപ്പ്. റോഡിന് ഇരുവശത്തും അഴുക്കുചാൽ, സംരക്ഷണഭിത്തി എന്നിവ നിർമിക്കുകയും റോഡിന് ഇരുവശത്തുമുള്ള മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമിക്കുന്നതിന്നുമാണ് ധാരണയുണ്ടായിരുന്നത്. കൂടാതെ പുതിയ ഫുട്ബോൾ മൈതാനം,
ഒട്ടേറെ ആളുകൾക്ക് ഇരിക്കാനുള്ള ഗാലറി, നടപ്പാത, ശുചിമുറി, ലഘു ഭക്ഷണശാല എന്നിവയടക്കം പുതിയ ഫുട്ബോൾ മൈതാനയിൽ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു.
4 കോടി 32 ലക്ഷം രൂപ ചെലവിലാണ് ഫുട്ബോൾ മൈതാനം യാഥാർഥ്യമാകുമെന്നറിയിച്ചിരുന്നത്. ഇതിനായി 3.81 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് സൂചന.
കെല്ലിനാണ് നിർമാണ ചുമതലയെന്നാണ് സൂചന. കൂടാതെ പഞ്ചായത്തിൽ 30 ലക്ഷം രൂപ വിനിയോഗിച്ച് ഓപ്പൺ ഓഡിറ്റോറിയവും നിർമിക്കുന്നതിന്ന് പദ്ധതിയുണ്ട്. ഇതിലൂടെ കൂടുതൽ പൊതുപരിപാടികൾ നടത്താൻ കഴിയുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ വിനിയോഗിച്ചാണ് കന്നുകാലിച്ചന്ത നവീകരിക്കാനുള്ള പദ്ധതിയുള്ളത്. പുതിയ പദ്ധതികൾ കൂടി യാഥാർഥ്യമാകുന്നതോടെ വാണിയകുളം ടൗണിന്റെ മുഖം മാറുമെന്നാണ് പ്രതീക്ഷ.