പട്ടാമ്പി പുതിയപാലം നിർമാണം ഉടൻ തുടങ്ങും
1496177
Saturday, January 18, 2025 12:23 AM IST
ഷൊർണൂർ: പട്ടാമ്പി പുതിയപാലം ഉടൻ നിർമാണം തുടങ്ങും. രണ്ടുവർഷംകൊണ്ട് പാലംനിർമാണം പൂർത്തികരിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗ് പ്രവൃത്തികളുടെ പോയിന്റിംഗ് തുടങ്ങിക്കഴിഞ്ഞു.
നിർമാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് തൂണുകൾ സ്ഥാപിക്കുന്നതിനായി പൈലിംഗ് ചെയ്യുന്നതിനുള്ള പോയിന്റിംഗ് ആരംഭിച്ചിട്ടുള്ളത്. പാലം നിർമാണത്തിനായി 40.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടുവർഷത്തെ സമയമാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയായ പാലത്തിന്റെ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടാമ്പിയിൽ വിഭാവനം ചെയ്തിട്ടുള്ള വികസന പദ്ധതികളിൽ പ്രഥമസ്ഥാനം പട്ടാമ്പി പാലത്തിനാണ്. മുഹമ്മദ് മുഹ്സിൻ എംഎൽഎ യുടെ നേതൃത്വത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ചു പദ്ധതി കരാർ ചെയ്തത്.
സ്ഥലമേറ്റെടുപ്പ് അടക്കം നടപടിക്രമങ്ങൾ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ഥലം നഷ്ടപ്പെടുന്നവരെ നേരിട്ട് വിളിച്ചു എംഎൽഎ യുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്കിൽ യോഗം ചേരുകയും മതിയായ നഷ്ടപരിഹാരം ഉറപ്പുനൽകുകയും ചെയ്തിരുന്നു. പാലം നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 52.576 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ഇതിൽ വൈദ്യുതത്തൂണുകളും ലൈനുകളും മാറ്റുന്ന യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി വൈദ്യുതി ബോർഡിന് 10.5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഏതാണ്ട് 69.16 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനായി 6.4 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
പാലം നിർമാണത്തിനായി 40.34 കോടി രൂപ അനുവദിച്ചെങ്കിലും കരാറെടുത്തത് 33.14 കോടി രൂപയ്ക്കാണ്. ജാസ്മിൻ കൺസ്ട്രക്ഷനാണ് ദർഘാസ് ഏറ്റെടുത്തത്.
പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.