കെഎസ്യു, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മാർച്ച്, ധർണ
1592388
Wednesday, September 17, 2025 7:58 AM IST
കാർഷിക സർവകലശാല ഫീസ് വർധന: കെഎസ്യു മാർച്ച് നടത്തി
തൃശൂർ: കാർഷിക സർവകലാശാലയിലെ ധനപ്രതിസന്ധി മറികടക്കുന്നതിനായി വിദ്യാർഥികൾക്കു മുകളിൽ ഭാരം അടിച്ചേൽപ്പിച്ച സർവകലാശാല നടപടി പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ്് അലോഷ്യസ് സേവ്യർ. വിദ്യാർഥികളുടെ പോക്കറ്റടിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കുമെന്നും സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആകില്ലെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഫീസ് വർധനവിനെതിരെ കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക സർവകലാശാല ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാർഥികളെ കൊള്ളയടിക്കുന്ന ഫീസ് വർധന അടിയന്തരമായി പിൻവലിക്കണം.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉപാധിയായി വിദ്യാർഥികളെ പ്രയോഗിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ്് വ്യക്തമാക്കി. വിഷയത്തിൽ എസ്എഫ്ഐ നടത്തുന്നത് സമരനാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന കൺവീനർ അൻസിൽ ജലീൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് ധർണ
വടക്കാഞ്ചേരി: തെക്കുംകര ഗ്രാമപഞ്ചായത്ത് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതി ഷേധ ധർണ നടത്തി.
ജീവിച്ചിരിക്കുന്നവരെ വോട്ടർപട്ടികയിൽനിന്ന് മരിച്ചവരുടെ പട്ടികയിൽ ഉൾ പ്പെടുത്തി ഒഴിവാക്കുകയും സ്ഥിരതാമസക്കാരായ വോട്ടർമാരെ വ്യാപകമായി വെട്ടിമാറ്റുകയും ചെയ്ത നടപടി പുനഃപരിശോധിച്ച് വോട്ടർ പട്ടിക പുനക്രമികരിച്ച് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടായിരിന്നു ധർണ.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ ഉദ്ഘാട നം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി പി.ജെ. രാജു, പഞ്ചായത്ത് മെമ്പർ മാരായ എ.ആർ. കൃഷ്ണൻകുട്ടി, ലീന ജെറി, ഷൈബി ജോൺസൻ, നേതാക്ക ളായ കെ. ചന്ദ്രശേഖരൻ, തോമസ് പുത്തൂർ, കുട്ടൻ മച്ചാട്, വി.എ. ഷാജി, അഡ്വ. അഖിൽ സാമുവേൽ, എൻ.സി. ജോഷി തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളത്ത് മഹിളാകോൺഗ്രസ് മാർച്ച്
കുന്നംകുളം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സ്റ്റേഷനുസമീപം ബാരിക്കേഡുവച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരുടെ നേതൃത്വത്തിൽ ബാരിക്കേഡ് മറച്ചിടാനുള്ള ശ്രമവും ഉണ്ടായി.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ടി. നിർമല, സ്വപ്ന രാമചന്ദ്രൻ, റജീന വടക്കേക്കാട്, നിഷ അടാട്ട്, ഷീജ മണലൂർ, സഫീന കടവല്ലൂർ, കവിത പോർക്കുളം, മിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.