വ്യോമസേന ഉദ്യോഗസ്ഥനു നൂറിന്റെ നിറവ്; ആദരവുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തി
1591975
Tuesday, September 16, 2025 1:53 AM IST
ഗുരുവായൂർ: നൂറിന്റെ നിറവിലെത്തിയ മുൻ വ്യോമസേന ഉദ്യോഗസ്ഥന് പിറന്നാ ളാഘോഷത്തിൽ ആദരവുമായി വ്യോമസേന ഉദ്യോഗസ്ഥർ വീട്ടിലെത്തി. തിരുവെങ്കിടം കുരുവിട്ടി വാസുദേവനാണ് ഇന്നലെ ഔദ്യോഗികസ്മരണകളോടെ പിറന്നാളാഘോഷിച്ചത്.
സുളൂർ എയർഫോഴ്സിലെ ഉദ്യോഗസ്ഥരും പുതിയ തലമുറയിലെ അഗ്നിവീർ ഉദ്യോഗസ്ഥയും യൂണിഫോമിൽ വീട്ടിലെത്തി വാസുദേവനെ ആദരിച്ചു. വാസുദേവൻ സേവനം അനുഷ്ഠിച്ച റെജിമെന്റിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് വാസുദേവൻ.
റെജിമെന്റിലെ പുതിയ തലമുറ സൈനികനെ ആദരിക്കാനെത്തിയത് പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരമായി.
1942ൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൽ ക്രിറ്റോഗ്രാഫറായി തുടങ്ങി പിന്നീട് 1980ൽ പൂനെയിലെ ഇന്ത്യൻ എയർഫോഴ്സിൽനിന്ന് ഓണററി ഫ്ലൈയിംഗ് ഓഫീസറായി വിരമിച്ചു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വാസുദേവൻ 1947-ൽ ഡൽഹിയിൽ നടന്ന ആദ്യ പരേഡിലും രജതജൂബിലി പരേഡിലും പങ്കെടുത്തിട്ടുണ്ട്.