തെരുവുവിളക്കിൽ ഉടക്കി കൗണ്‍സിലർമാർ
1591968
Tuesday, September 16, 2025 1:53 AM IST
തൃശൂർ: മാസങ്ങളായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിലും വിവിധ ഡിവിഷനുകളിലെ പുല്ലുവെട്ട് അടക്കമുള്ള ശുചീകരണം മുടങ്ങിയതിലും പ്രതിഷേധവുമായി കൗണ്‍സിലർമാർ. ഭരണപക്ഷത്തെ കരോളിൻ പെരിഞ്ചേരിയും സി.പി. പോളിയും പ്രതിപക്ഷത്തെ സനോജ് കെ. പോളും നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ കൗണ്‍സിലർമാർ ഒന്നൊന്നായി പരാതി ഉന്നയിച്ചതോടെ കോർപറേഷൻ സെക്രട്ടറിയോട് മേയർ ഉടനടി വിശദീകരണം തേടി.
കൗണ്‍സിൽ അംഗീകാരമില്ലാത്തതുകൊണ്ടാണ് കരാറുകാരനു പണംനൽകാൻ കഴിയാതിരുന്നതെന്നു സെക്രട്ടറി വിശദീകരിച്ചെങ്കിലും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അടുത്ത കൗണ്സിലിനുമുന്പായി റിപ്പോർട്ട് നൽകണമെന്നും മേയർ എം.കെ. വർഗീസ് നിർദേശിച്ചു. ഭരണം അവസാനിക്കാനിരിക്കേ ഉദ്യോഗസ്ഥർ മനപ്പൂർവം ഫയൽ വൈകിപ്പിക്കുകയാണെന്ന ആരോപണവും മേയർ ഉന്നയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിക്കളിസംഘങ്ങൾക്കു മൂന്നുലക്ഷംവീതം കേന്ദ്രസഹായം അനുവദിച്ചത് സംഘാടകരെന്ന നിലയിൽ കോർപറേഷനെ അറിയിച്ചില്ലെന്നും തനിക്കു കത്തു നൽകിയിട്ടില്ലെന്നും മേയർ പറഞ്ഞു. പുലിക്കളിസംഘങ്ങൾക്കു നേരത്തേ സഹായം ലഭിക്കണമെന്നും ബിജെപി കൗണ്‍സിലർമാർ ഇടപെടണമെന്നും പി.കെ. ഷാജൻ പറഞ്ഞു. സഹായം സംബന്ധിച്ച് കളക്ടറേറ്റിൽ നിർദേശമെത്തിയിരുന്നെന്നു ബിജെപി കൗണ്‍സിലർമാരും തിരിച്ചടിച്ചു.
പുഴയ്ക്കൽ റോഡ് നിർമാണത്തെത്തുടർന്നു പഞ്ചിക്കൽ അടക്കമുള്ള ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയെന്നും സ്കൂളുകളിൽ പാചകത്തിനു പുറത്തുനിന്നു വെള്ളമെത്തിക്കേണ്ട സ്ഥിതിയാണെന്നു മേഫി ഡെൽസണ്‍ പറഞ്ഞു.
കോർപറേഷന്റെ വൈദ്യുതിവിഭാഗം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സംയുക്ത ട്രേഡ് യൂണിയനുകളോടു സമരത്തിനിറങ്ങാൻ താനാണു നിർദേശിച്ചതെന്നും മേയർ പറഞ്ഞു. കെഎസ്ഇബിയിലേക്കു കൊണ്ടുപോകാൻ ആരു താത്പര്യമെടുത്താലും എതിർക്കും. ഇതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല. ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകും. ഇക്കാര്യത്തിൽ കൗണ്‍സിൽ പ്രമേയം പാസാക്കുമെന്നും സർക്കാരിനു കത്തുനൽകുമെന്നും മന്ത്രിമാരെ കാണുമെന്നും മേയർ പറഞ്ഞു.
9.5 ലക്ഷം പാസാക്കാനുള്ള
അജൻഡ മാറ്റി
തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത വെറ്റ് (വാട്ടർ എഫിഷ്യന്റ് തൃശൂർ) പദ്ധതിയുടെ ഉദ്ഘാടത്തിനു ചെലവായെന്നു പറയുന്ന 9.5 ലക്ഷംരൂപ പാസാക്കിയെടുക്കാനുള്ള അജൻഡ പ്രതിപക്ഷ കൗണ്‍സിലർമാരുടെ എതിർപ്പിൽ മാറ്റിവച്ചു.
മുൻകൂർ മൂന്നുലക്ഷം അനുവദിച്ചെങ്കിലും 9,54, 434 രൂപ ചെലവായെന്നു ചൂണ്ടിക്കാട്ടിയാണ ഉദ്യോഗസ്ഥൻ ബില്ല് സമർപ്പിച്ചത്. ഇതിൽ എട്ടുലക്ഷം ഓസ്കർ ഇവന്റ് മാനേജ്മെന്റിനു മാത്രമുള്ള തുകയാണ്. ഫ്ളക്സ്, ബാഡ്ജ് എന്നിവ പ്രിന്റ് ചെയ്യാൻ മുപ്പതിനായിരം രൂപയും കുടുംബശ്രീ കഫേയ്ക്ക് 22,000 രൂപ ചെലവായെന്നു പറയുന്നു. ഇതു വോട്ടിനിടാൻ ആവശ്യപ്പെട്ടതോടെ മാറ്റുകയായിരുന്നു.