ചേറ്റുവ ലൈറ്റ് ഹൗസിൽ ഗുണ്ട് പൊട്ടിച്ചു; നാലുപേർ പിടിയിൽ
1591972
Tuesday, September 16, 2025 1:53 AM IST
ചാവക്കാട്: കടപ്പുറംതൊട്ടാപ്പിലെ ചേറ്റുവ ലൈറ്റ് ഹൗസിൽ സ്ഫോ ടക വസ്തുപൊട്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. മണത്തല ബേബി റോഡ് സ്വദേശികളായ കോലയിൽ അബുതാഹീർ (30), മടപ്പേൻ ഹിലാൽ (27), കല്പിങ്ങൽ ഷാമിൽ (27), ഇളയേടത്ത് ഷുഹൈബ് (27) എന്നിവരെയാണ് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണൻ, ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിനിടയിൽ കൈപ്പത്തി തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽകഴിയുന്ന ഒന്നാം പ്രതി ആലുങ്ങൽ സൽമാൻ ഫാരിസ് (27) പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ, നിരവധി ടൂറിസ്റ്റുകൾ വന്നുപോകുന്ന ലൈറ്റ് ഹൗസിൽ സ്ഫോടകവസ്തുവച്ച് പൊട്ടിച്ച് പൊതുജനങ്ങളെയും ടൂറിസ്റ്റുകളെയും ഭീതിപ്പെടുത്തി, സംഘർഷസാധ്യതയുണ്ടാക്കി, ലൈറ്റ് ഹൗസിന് കേടുപാടുകൾ വരുത്തി എന്നീ കേസുകളിലാണ് അറസ്റ്റ്. എസ്ഐ ശരത് സോമൻ, എസ്ഐ ഫൈസൽ, എഎസ്ഐ അൻവർ സാദത്ത്, സീനിയർ സിപിഒ ഷിഹാബ്, സിപിഒമാരായ ടി. അരുൺ, ബിന്ദു, രഞ്ജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നു.
സമഗ്ര അന്വേഷണം വേണം: ബിജെപി
ചാവക്കാട്: ലൈറ്റ് ഹൗസിൽ ഉണ്ടായ സ്ഫോടനത്തിന്റെ ദുരൂഹത നീക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ലൈറ്റ് ഹൗസ് പോലെയുള്ള അതീവ സുരക്ഷാ മേഖലയിൽ എങ്ങനെയാണ് ഇത്തരമൊരു സ്ഫോടനം ഉണ്ടാവാനുള്ള സാഹചര്യമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കണം. തീരദേശ വാസികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതത്വം നൽകുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
സ്ഫോടനം നടന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സംഭവത്തിനു പിന്നിലുള്ളവരെ പോലീസ് കണ്ടെത്തണം. അല്ലാത്തപക്ഷം പ്രതിഷേധ നടപടിയുമായി മുന്നോട്ടുപോകുമെന്നും വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ എത്തിക്കുമെന്നും നോർത്ത് ജില്ലാ പ്രസിഡന്റ്്, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ബിജെപി നേതാവ് ഗണേഷ് ശിവജി എന്നിവർ അറിയിച്ചു.
റീൽസ് ചിത്രീകരിച്ച് അകത്തായി
ചാവക്കാട്: കടപ്പുറം തൊട്ടാപ്പിലെ ചേറ്റുവ ലൈറ്റ് ഹൗസിനു മുകളിൽ കയറിയ സന്ദർശകരിൽ ഒരാൾ ഗുണ്ട് പൊട്ടിച്ച സംഭവത്തിൽ പരിക്കേറ്റ യുവാവ് ഉൾപ്പടെ അഞ്ചുപേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു, നാലുപേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പോലീസ് കാവലിൽ ആശുപത്രിയിലാണ് .
ഞായറാഴ്ച വൈകീട്ട് ലൈറ്റ് ഹൗസ് സന്ദർശിക്കാൻ മുകളിൽ കയറിയ യുവാക്കളാണ് അതീവ സുരക്ഷാ മേഖലയായ ലൈറ്റ്ഹൗസിനു മുകളിൽ ഗുണ്ട് പൊട്ടിച്ചത്.
അഞ്ചംഗ സംഘത്തിലെ ഒരാളാണ് കൈയിൽ കരുതിയിരുന്ന ഗുണ്ട് മുകളിൽവച്ച് പൊട്ടിച്ചത്. ലൈറ്റ് ഹൗസിന്റെ മുകളിൽനിന്ന് കത്തിച്ച ഗുണ്ട് താഴേക്ക് ഇടുന്നത് റീൽസിനുവേണ്ടി ചിത്രീകരിക്കാനാണ് ഗുണ്ടിന് തീ കൊടുത്തത്. ഗുണ്ട് താഴെക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ്, താഴെ നിറയെ സന്ദർശകർ നിൽക്കുന്നതുകണ്ടത്. ഗുണ്ട് താഴെക്ക് ഇടാതെ പിടിച്ചുനിൽക്കുന്നതിനിടയിൽ പൊട്ടി.
ലൈറ്റ് ഹൗസിനു മുകളിൽ നിന്നും ഉഗ്രശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. ശബ്ദംകേട്ട് ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും മറ്റും എത്തിയെങ്കിലും യുവാക്കളുടെ സംഘം പരിക്കേറ്റ ആളുമായി സ്ഥലം വിട്ടിരുന്നു.
ചാവക്കാട്, കോസ്റ്റൽ പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം നടത്തി. യുവാവ് ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ പിടിയിലായത്. അറസ്റ്റ് നടന്നെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിൽ നിന്ന് ബോംബ് - ഡോഗ് സ്ക്വാഡ് സംഘം ലൈറ്റ്ഹൗസിൽ എത്തി അന്വേഷണം നടത്തി.