നടപ്പാത കൈയേറി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചെന്നു പരാതി
1592384
Wednesday, September 17, 2025 7:57 AM IST
വരന്തരപ്പിള്ളി: വേലൂപ്പാടത്തു സ്വകാര്യവ്യക്തിയുടെ വഴി കൈയേറി കെഎസ്ഇബി അധികൃതര്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതായി പരാതി. വേലൂപ്പാടം മഠം സ്വദേശി പെരുവാന്കുഴിയില് സൂപ്പിയുടെ ഉടമസ്ഥതയിലുള്ള വഴിയിലാണ് അനുവാദം ചോദിക്കാതെ പോസ്റ്റ് സ്ഥാപിച്ചത്. സൂപ്പിയുടെ പറമ്പിലേക്കുള്ള രണ്ടുകോല് വഴിയില്‍ പോസ്റ്റ് സ്ഥാപിച്ചതോടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായെന്നു സ്ഥലമുടമ പറഞ്ഞു.
60 സെന്റ് വരുന്ന പറമ്പിലേക്കുള്ള ഏകമാര്‍ഗമാണ് ഈ വഴി. ഭൂമി കൈയേറി പോസ്റ്റ് സ്ഥാപിച്ചതോടെ പറമ്പിലേക്കുള്ള വളവും മറ്റും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നു സൂപ്പി പറഞ്ഞു. പോസ്റ്റ് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സൂപ്പി വരന്തരപ്പിള്ളി കെഎസ്ഇബി അധികൃതര്‍ക്കു പരാതിനല്‍കി.