പുതുക്കാട് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ജാഗ്രതാസമിതി രൂപീകരിക്കുന്നു
1535928
Monday, March 24, 2025 1:19 AM IST
പുതുക്കാട്: വർധിച്ചുവരുന്ന രാസലഹരി ഉൾപ്പടെയുള്ള ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവും പ്രതിരോധവുമായി പുതുക്കാട് മണ്ഡലംതല ജനസഭ സംഘടിപ്പിച്ചു. ജനസഭയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ജാഗ്രതാസമിതികൾ രൂപവത്കരിക്കും.
വിദ്യാലയങ്ങളിൽ ലഹരിക്കെ തിരെ ബോധവത്കരണവും പ്രചാരണ പരിപാടികളും നടത്തും. വിവിധ വകുപ്പുകളും സംഘടനകളുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പ്രവർത്തനങ്ങൾ.
കെ.കെ. രാമചന്ദ്രൻ എംഎൽഎ ചെയർമാനും കൊടകര ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് കൺവീനറുമായി 251 അംഗ ജനറൽ കമ്മിറ്റി തെരഞ്ഞെടുത്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ പോലീസ് മേധാവി ബി. കൃഷ് ണകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. സുഭാഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. മനോജ്, കലാപ്രിയ സുരേഷ്, കെ. രാജേശ്വരി, സുന്ദരി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.