രോഗികൾക്കു ദുരന്തമായി മെഡിക്കൽ കോളജ് ആശുപത്രി മാറി: വി.കെ. ശ്രീകണ്ഠൻ എംപി
1507895
Friday, January 24, 2025 2:01 AM IST
മുളങ്കുന്നത്തുകാവ്: അടിസ്ഥാനമായ സൗകര്യങ്ങൾ ലഭ്യമാകാതെ രോഗികൾക്കു ദുരന്തമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മാറിയെന്നു വി.കെ. ശ്രീകണ്ഠൻ എംപി. രോഗികൾക്ക് ആവശ്യമായ നല്ല ചികിത്സയോ മരുന്നോ ലഭ്യമാക്കാതെ കേരളത്തിൽ മദ്യം സുലഭമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോണ്ഗ്രസ് രംഗത്തുവരും. അടിമുടി അഴിമതിനിറഞ്ഞ മെഡിക്കൽ കോളജിൽ അഴിമതിക്കാരായ ഡോക്ടർമാർക്കു ചെരിപ്പുമാലയും നല്ല ഡോക്ടർമാർക്കു പൂമാലയും നൽകാനാണ് കോണ്ഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജിനോടുള്ള ഇടതുപക്ഷ സർക്കാരിന്റെ അവഗണനയ്ക്കെതിരേ ആശുപത്രി വികസനസമിതി അംഗം രാജേന്ദ്രൻ അരങ്ങത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
എച്ച്ഡിഎസ് അംഗങ്ങളായ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ബിജു എന്നിവരാണ് പുതിയ ആശുപത്രിക്കുമുന്നിൽ ഉപവാസം അനുഷ്ഠിച്ചത്. അടാട്ട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വിബിൻ വടേരിയാട്ടിൽ അധ്യക്ഷനായി. പി.ജി. ജയദീപ്, പി.എ. മാധവൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, സി.വി. കുര്യാക്കോസ്, ഷാജി കോടങ്കണ്ടത്ത്, ജോസഫ് ടാജറ്റ്, എ. പ്രസാദ്, ജോണ് ഡാനിയൽ, രവി ജോസ് താണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
എച്ച്ഡിഎസ് ഫണ്ട് തട്ടിപ്പിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുക,12 വർഷത്തെ എച്ച്ഡിഎസ് ഫണ്ട് ഓഡിറ്റ് നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.