കാര്യാട്ടുകര ബണ്ട് ഉടൻ പുനർനിർമിക്കും: ജില്ലാ കളക്ടർ
1484681
Thursday, December 5, 2024 8:11 AM IST
തൃശൂർ: കനത്ത മഴയിൽ കാര്യാട്ടുകര ബണ്ട് തകർന്നതിനെതുടർന്ന് നശിച്ച എൽത്തുരുത്ത് മാരാർ കോൾപ്പടവ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ജനുവരിയിൽ കോൾപ്പടവുകളിലെ കൃഷി പുനരാരംഭിക്കുന്നതിനു കർഷകർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കൃഷിവകുപ്പ്, കോർപറേഷൻ, കെഎൽഡിസി എന്നിവയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കാൻ കോൾപ്പാടത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലികൾ ഇന്ന് ആരംഭിക്കും. നിലവിലെ സാഹചര്യം അടിസ്ഥാനമാക്കി കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കും. ബണ്ടിന്റെ തകർന്ന ഭാഗം താത്കാലിക അറ്റകുറ്റപ്പണികൾ നടത്തും. ജനുവരിയിൽ കൃഷി പുനരാരംഭിക്കും.
ശാശ്വതപരിഹാരമെന്ന നിലയിൽ ആർകെവിവൈ പദ്ധതിപ്രകാരം ബണ്ട് പുനർനിർമിക്കുമെന്നും നിർദേശം ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. നിർദേശം സമർപ്പിക്കാൻ കെഎൽഡിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവ ഉറപ്പാക്കാൻ സബ് കളക്ടർ അഖിൽ വി. മേനോൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കും. സബ് കളക്ടർ അഖിൽ വി. മേനോൻ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, കെഎൽഡിസി, മേജർ ഇറിഗേഷൻ, കോർപറേഷൻ ഉദ്യോഗസ്ഥർ, തഹസിൽദാർ, ഡിവിഷണൽ കൗണ്‍സിലർ ലാലി ജെയിംസ്, കോൾപ്പടവ് ഭാരവാഹികൾ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.