ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളിക്ക് മർദനം
1466360
Monday, November 4, 2024 2:35 AM IST
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയ്ക്ക് മർദനമേറ്റതായി പരാതി. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീമിനാണ് മർദനമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുകിട മത്സ്യവിതരണത്തൊഴിലാളികളും ഹാർബറിലെ യൂണിയൻ തൊഴിലാളികളും തമ്മിൽ തൊഴിൽതർക്കം നിലനിൽക്കുന്നുണ്ട്. തൊഴിൽക്കൂലി വർധിപ്പിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ചാവക്കാട് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ച കഴിഞ്ഞദിവസം നടന്നു. ആദ്യകാലങ്ങളിൽ ഈടാക്കിയിരുന്ന നിരക്ക് തന്നെ താത്കാലികമായി തുടരാൻ ചർച്ചയിൽ തീരുമാനമായി കരാറിൽ ഒപ്പിട്ടിരുന്നു.
ഇതുസംബന്ധിച്ച് 23ന് കുന്നംകുളം ലേബർ ഓഫീസിൽ നടക്കുന്ന പുനർചർച്ചയിൽ തീരുമാനമെടുക്കാമെന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ ഇതിന് വിരുദ്ധമായി മീനെടുക്കാൻവന്ന സലീമിനെ മർദിച്ചതായാണ് പറയുന്നത്.
ഇതുസംബന്ധിച്ച് ചെറുകിട മത്സ്യവിതരണത്തൊഴിലാളികൾ വാടാനപ്പള്ളി പോലീസിൽ പരാതിനൽകി. പ്രശ്നത്തിൽ ഉന്നത അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് വിതരണത്തൊഴിലാളികൾ അറിയിച്ചു. ജില്ലാ കളക്ടർക്കും പോലീസ് മേധാവികൾക്കും ഫിഷറീസ് മന്ത്രി, ഹാർബർ വകുപ്പ് അധികൃതർ എന്നിവർക്കും പരാതിനൽകി.