അനധികൃത സ്പിരിറ്റ് വേട്ട; ഒരാൾകൂടി പിടിയിൽ
1461265
Tuesday, October 15, 2024 6:29 AM IST
തൃശൂർ: അരണാട്ടുകര ചേറ്റുപുഴ പുളിക്കപറന്പ് ജംഗ്ഷനിലെ വീട്ടിൽ അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ച 3,616 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഏങ്ങണ്ടിയൂർ കുണ്ടലിയൂർ നേതാജി നഗറിൽ കല്ലുങ്ങൽവീട്ടിൽ ലിബാഷ് (41) ആണ് പിടിയിലായത്. കേസിലെ രണ്ടു പ്രതികൾ നേരത്തേ പിടിയിലായി. വിശദമായ അന്വേഷണത്തിലാണു സ്പിരിറ്റ് എത്തിക്കാൻ നേതൃത്വംനൽകിയ ലിബാഷിന്റെ അറസ്റ്റ്.
രഹസ്യ വിവരത്തെത്തുടർന്നു ചേറ്റുപുഴ പുളിക്കപ്പറന്പിലെ വീട്ടിൽ തൃശൂർ വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ലിബാഷ് കോഴിക്കോട് ഒളിവിൽ കഴിയുന്നെന്ന വിവരത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വാടാനപ്പിള്ളി സ്റ്റേഷനിൽ രണ്ടു കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡിവൈഎസ് പി കെ. സുമേഷ്, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽകുമാർ, എസ്ഐമാരായ സെലിൻ ക്രിസ്റ്റ്യൻരാജ്, എം. സതീശൻ, റോയ് പൗലോസ്, പി.എം. മൂസ, സതീഷ്, എഎസ്ഐമാരായ സിൽജോ, സീനിയർ സിപിഒമാരായ റെജി, ബിനു, ഷിജോ തോമസ്, ടോണി വർഗീസ്, മുകേഷ്, അനുഷ എന്നവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.