മുത്തിയുടെ പ്രദക്ഷിണവഴിയേ മുടിയാട്ടവും പാട്ടുമായി പാക്കനാർ സംഘം
1461008
Monday, October 14, 2024 7:36 AM IST
കൊരട്ടി: പൈതൃക ആചാരങ്ങളുടെ ശോഭ കെടാതെ മുത്തിയുടെ പ്രദക്ഷിണവഴിയിൽ മുടിയാട്ടവും പാട്ടും വാദ്യമേളങ്ങളുമായി പാക്കനാർ സംഘമെത്തി. കൊരട്ടിമുത്തിയുടെ പ്രധാന തിരുനാൾദിനമായ ഇന്നലെ ഇവർ നടത്തിയ നൃത്തവും വാഴ്ത്തുപാട്ടുകളും ശ്രദ്ധേയമായി. കിഴക്കെ കപ്പളേക്കു പിറകിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഇന്നലെ ഉച്ചയ്ക്ക് എത്തിയ സംഘം വൈകീട്ടോടെ നഗരി കാണാനെത്തിയ മുത്തിയുടെ പ്രദക്ഷിണത്തിന് അകമ്പടിയായി. പള്ളിയിലെത്തി പറ നിറച്ചും പള്ളിയില്‍ നിന്നും ദക്ഷിണ വാങ്ങിയുമായിരുന്നു മടക്കം.
വൃതമെടുത്തും ആചാരം കാത്തുസൂക്ഷിച്ചുമാണ് തിരുനാളിന് മുത്തിക്ക് ഉപചാരം ചൊല്ലാൻ ഇവർ കൂട്ടമായെത്തിയത്. ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തില്‍ നിന്നും 26 കുടുംബങ്ങള്‍ തിരുനാള്‍ ദിവസം നടത്തുന്ന നേര്‍ച്ചയാണ് ഈ ആചാരം.
സ്ത്രീകളുടെ മുടിയാട്ടം അടക്കമുള്ള നാടന്‍ കലാരൂപങ്ങളും ഇവർ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന വിശ്വാസത്തിന്റെ ഭാഗമാണ്.
കൊച്ചി രാജാക്കളുടെ ഭരണക്കാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കര്‍ത്താക്കള്‍ പടയുമായി എത്തിയപ്പോള്‍ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നല്‍കിയതെന്നും വിശ്വസിക്കുന്നു. ഇതിനു പ്രത്യുപകാരമായി പാക്കനാര്‍ വംശത്തിന് നല്കിയ ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ആരാധനാലയമായ കൊരട്ടി പള്ളി തിരുനാളിന് എല്ലാവര്‍ഷവും പറക്കൊട്ടു വഴിപാടുമായെത്തും.
വെളുത്തുപറമ്പില്‍ കുമാരന്റെ നേതൃത്വത്തിലാണ് പാക്കനാര്‍ സംഘമെത്തിയത്. വി.ആര്. രാമകൃഷ്ണന്, എം.എം. മനോജ്, അക്ഷയ മനോജ് എന്നിവരാണ് പറകൊട്ടി നേര്ച്ചയ്ക്കും കോലംകെട്ടിയത്.
പാട്ടും നൃത്തവും ആസ്വദിക്കാന്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ അടക്കം വൻ ജനാവലി ഉണ്ടായിരുന്നു.