എടത്തിരുത്തിയിലും മേലൂരും കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി
1459344
Sunday, October 6, 2024 7:11 AM IST
ഏറാക്കലിൽ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി
കയ്പമംഗലം: എടത്തിരുത്തി ഏറാക്കലിൽ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടിയത് ദുരിതമായി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിലാണ് പണി പൂർത്തിയാക്കി പമ്പിംഗ് ആരംഭിച്ചത്. പൈപ്പ് മാറ്റിയ ഭാഗത്തുനിന്നാണ് ഇന്നലെ വീണ്ടും ചോർച്ചയുണ്ടായത്. വലിയ അളവിൽ വെള്ളം പുറന്തള്ളിയതോടെ പമ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. ജോലിക്കാരെത്തി പണിയാരംഭിച്ചിട്ടുണ്ട്.
തീരദേശത്തെ പത്ത് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയിലെ പ്രധാന പൈപ്പ് ലൈനാണിത്. തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. സുമ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
മേലൂരിൽ പൈപ്പ് പൊട്ടൽ തുടരുന്നു
മേലൂർ: പാലപ്പിള്ളി -പുഷ്പഗിരി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടർക്കഥയായി. അറ്റകുറ്റപ്പണികൾതീർത്ത് പരിഹാരംകാണണമെന്ന ആവശ്യവുമായി പലവട്ടം പരാതികളുയർന്നിട്ടും അധികൃതർ നിസംഗതപുലർത്തുന്നുവെന്നാണ് ആക്ഷേപം.
2016ൽ 75 ലക്ഷം രൂപയ്ക്ക് പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിച്ച റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നുതുടങ്ങി. ജലവിതരണ പൈപ്പുകൾ പൊട്ടുന്നതാണ് പലയിടങ്ങളിലും റോഡ് തകരാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.