പാലപ്പിള്ളി - പുഷ്പഗിരി റോഡ് അറ്റകുറ്റപ്പണിനടത്തി പ്രദേശവാസികൾ
1458069
Tuesday, October 1, 2024 7:22 AM IST
മേലൂർ: വർഷങ്ങളായി തകർന്നുകിടന്ന പാലപ്പിള്ളി - പുഷ്പഗിരി റോഡ് പ്രദേശവാസികളുടെ സഹകരണത്തോടെ അറ്റകുറ്റപ്പണികൾ നടത്തി. പിഎംജിവൈ പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ നിർമാണം പൂർത്തീകരിച്ച പാലപ്പിള്ളി - പുഷ്പഗിരി റോഡിന് ഒരുവർഷം പോലും ആയുസ് ഉണ്ടായില്ല.
തകർന്ന റോഡ് അധികൃതർ നാളിതുവരെ പുനരുദ്ധരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾ പ്രദേശവാസികൾ ഏറ്റെടുത്തത്. കാലപ്പഴക്കത്തെ തുടർന്ന് അടിക്കടി ജലവിതരണ പൈപ്പുകൾ പൊട്ടിയാണ് റോഡുകൾ തകർന്നതെന്നു നാട്ടുകാർ പറഞ്ഞു.
റോഡിന്റെ ശാപമോക്ഷംതേടി പഞ്ചായത്ത് അധികൃതർ മുതൽ കളക്ടർതലംവരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നു പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ലിൻസൻ ആന്റണി പറഞ്ഞു. തുടർന്ന് നാട്ടുകാർ ഒറ്റക്കെട്ടായി നിന്നു സംഭാവനകൾ സമാഹരിച്ച് റോഡിന്റെ അറ്റകുറ്റപ്പണിക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. പ്രദേശവാസികളായ ലിൻസൻ ആന്റണി, ഫ്രാൻസീസ് മേച്ചേരി, റോജി എം. ദേവസി, എം.കെ. ചാക്കുണ്ണി, എം.എൽ. മാർട്ടിൻ, പി.എ. ബേസിൽ, ജോൺ മനയിൽ, ജോജു തോമസ്, വർഗീസ് മേച്ചേരി എന്നിവർ നേതൃത്വം നൽകി.