വീടുകള്‍ക്കരികെ കാട്ടാനക്കൂട്ടം, ജനങ്ങള്‍ ഭീതിയില്‍
1458068
Tuesday, October 1, 2024 7:22 AM IST
ഇഞ്ചക്കുണ്ട്: മറ്റത്തൂരിലെ ഇഞ്ചക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ഇഞ്ചക്കുണ്ട് പാട്ടുകര ഷെറീഫ്, മുല്ലക്കുന്നേല്‍ ജോണി, എടത്തനാട്ട് കൊച്ചുത്രേസ്യ എന്നിവരുടെ വീടുകള്ക്കരികിലെത്തിയ കാട്ടാനകള്‍ തെങ്ങ്, കവുങ്ങ്, ഇഞ്ചിക്കൃഷി എന്നിവ വ്യാപകമായി നശിപ്പിച്ചു.
പുലർച്ചെ രണ്ടോടെയാണു നാല് ആനകള്‍ ഈ പ്രദേശത്ത് എത്തിയത്. വീട്ടില്‍ ഒറ്റക്കായിരുന്ന കൊച്ചുത്രേസ്യ ശബ്ദംകേട്ടു ജനല്‍വഴി നോക്കിയപ്പോഴാണ് ആനകളെ കണ്ടത്. പുലര്‍ച്ചെ അഞ്ചുവരെ ആനകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുതുക്കാട് സ്കൂളില്‍ പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാര്‍ഥി ടൂര്‍ പോകാനായി പുലര്‍ച്ചെ റോഡിലിറങ്ങിയപ്പോള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടെങ്കിലും ഓടിരക്ഷപ്പെട്ടു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ റോഡില്‍ ആന നില്ക്കുന്നതു കാണാന്‍ കഴിഞ്ഞതിനാലാണു വിദ്യാര്‍ഥിക്കു രക്ഷപ്പെടാനായത്.
കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങിയ കൃഷിനാശമുണ്ടാക്കിയ ഇഞ്ചക്കുണ്ട് പ്രദേശം കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധന് കാരയില്‍ സന്ദര്‍ശിച്ചു. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇഞ്ചക്കുണ്ടില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനകളടക്കമുള്ള വന്യജീവികള്‍ വിഹരിക്കുന്നതു പതിവായ സഹാചര്യത്തില്‍ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സുധന് കാരയില്‍ ആവശ്യപ്പെട്ടു.
പീയൂസ് ഇഞ്ചക്കുണ്ട്, എ.ബി. പ്രിന്‍സ്, ആന്റു ചെമ്മിഞ്ചേരി തുടങ്ങിയവരും സുധന് കാരയിലിനൊപ്പമുണ്ടായിരുന്നു. വെള്ളിക്കുളങ്ങര പ്രകൃതിസംരക്ഷണ വേദി പ്രസിഡന്റ് ജോസഫ് കുപ്പാപ്പിള്ളി, സജീവ്കുമാര്‍ പൈങ്കയില് എന്നിവരും കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച പ്രദേശത്തെത്തിയിരുന്നു. കാട്ടാനഭീതിയകറ്റാന് നടപടി ഉണ്ടാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.