സ്കോളര്‍ഷിപ് നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി ബിന്ദു
1454527
Friday, September 20, 2024 1:55 AM IST
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ വരുമാനപരിധിയുടെ പേരില്‍ ഒരു പട്ടികജാതി വിദ്യാര്‍ഥിക്കും സ്കോളര്‍ഷിപ്് നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പട്ടികജാതിവിരുദ്ധ നിലപാടിനെ തുറന്നെതിര്ക്കുന്നതിനുപകരം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും അതിനായി മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുമുള്ള ചില സംഘടനകളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്, മന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തിനുമേല്‍ വാര്‍ഷിക കുടുംബവരുമാനമുള്ള പട്ടികജാതി വിദ്യാഥികളുടെ സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാരാണ് നിര്‍ത്തിയത്.
തുടര്‍ന്ന് കേന്ദ്രവിഹിതംകൂടി ബജറ്റില്‍ വകയിരുത്തി സ്കോളര്‍ഷിപ്പ് തുടര്‍ന്നുപോരുകയാണ് കേരളം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസില്‍ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പും കേന്ദ്രം തടഞ്ഞു. അതിനുപകരമായി ബജറ്റില്‍ തുക വകയിരുത്തി കെടാവിളക്ക് എന്ന പേരില്‍ സംസ്ഥാനം സ്കോളര്‍ഷിപ്പ് നല്കി വരികയാണ്. പിന്നാക്കവിഭാഗം വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് കേന്ദ്ര വിഹിതമായി നല്‍കേണ്ട നാല്‍പ്പതുശതമാനം തുക കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നുമില്ല, മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി.
യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരാണ് കേരളത്തിലെ പട്ടികജാതി പിന്നാക്കവിഭാഗം വിദ്യാര്‍ഥികളുടെ പഠനാനുകൂല്യങ്ങള്‍ നിഷേധിച്ചതെന്നത് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. പട്ടികവര്‍ഗവിഭാഗത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷംവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇ ഗ്രാന്റ്സ് വിതരണം ചെയ്തിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗക്ഷേമ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളതാണ്.
പട്ടികജാതി, പിന്നാക്ക വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗ്രാന്റ് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുമുണ്ടെന്ന് മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.