കല്ലിടവഴി റോഡിലെ കുഴിയിൽവീണ് വീട്ടമ്മയ്ക്കു പരിക്ക്
1453781
Tuesday, September 17, 2024 1:51 AM IST
അന്തിക്കാട്: കല്ലിടവഴിയിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ വീണു വീട്ടമ്മയ്ക്കു സാരമായ പരിക്കേറ്റു. കൊടുങ്ങല്ലൂർ കാട്ടാക്കുളം സ്വദേശി തട്ടാൻപറമ്പിൽ ശരീഫ (63)ക്കാണ് വെള്ളക്കെട്ടിൽ സ്കൂ ട്ടർ വീണു പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അന്തിക്കാട് കല്ലിടവഴിയിലുള്ള മകളുടെ വീട്ടിലേക്ക് കഴിഞ്ഞദിവസം വന്നതായിരുന്നു ഇവർ. പേരക്കുട്ടിയോടൊപ്പം ഇരുചക്രവാഹനത്തിൽ വരുന്നതിനിടയിലാണ് അപകടം.
റോഡ് തകർന്നതുമൂലം കല്ലും മണ്ണും വന്നടിഞ്ഞ് അപകടരമായ നിലയിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ വാഹനം കുരുങ്ങിയതോടെ ഇവർ തെറിച്ച് റോഡിൽ മൂക്കുകുത്തി വീഴുകയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ സമീപവാസികൾ വീട്ടമ്മയെ പുത്തൻപീടിക പാദുവ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മദർ ഹോസ്പിറ്റലിലും എത്തിച്ചു. കൈകാലുകൾക്കും മുഖത്തും സാരമായ പരിക്കുണ്ട്. നിരവധി പല്ലുകൾ ഇളകിയിട്ടുണ്ട്. അന്തിക്കാട് പഞ്ചായത്തിലെ 5, 6 വാർഡുകൾ പങ്കിടുന്ന ഈ റോഡ് 25 വർഷമായി ഫുൾ ടാറിംഗ് നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിൽ അടിഞ്ഞുകൂടിയ മണ്ണും കല്ലും മറ്റും അടിയന്തരമായിമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരാഴ്ചമുന്പ്് അന്തിക്കാട് ആശുപത്രി റോഡിലും സമാന രീതിയിൽ അപകടം ഉണ്ടായി. തുടർന്ന് അധികൃതർ ഇടപെട്ട് താത്കാലികമായി കുഴി അടയ്ക്കുകയായിരുന്നു.