തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വീണ്ടും സജീവചർച്ച
1451672
Sunday, September 8, 2024 6:40 AM IST
തൃശൂർ: തൃശൂർ പൂരം കലക്കിയതിനു പിന്നിലാര് എന്ന ചോദ്യം തൃശൂരിൽ അലയടിക്കുന്പോൾ എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയമാനങ്ങളേറുന്നു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയതോൽവികൾ വീണ്ടും ചർച്ചയാവുകയാണ്.
യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ കനത്ത തോൽവിക്കു കാരണം ഇതൊക്കെയാണെന്നു ചൂണ്ടിക്കാട്ടി സർക്കാരിനും ബിജെപിക്കുമെതിരേ ആഞ്ഞടിക്കാൻ കോണ്‍ഗ്രസ് അരയുംതലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. ബിജെപി എല്ലാം നിഷേധിച്ച് നിലകൊള്ളുന്പോൾ ഒന്നും വിട്ടുപറയാനാകാതെ കുഴങ്ങുകയാണ് സിപിഐ.
കൂടിക്കാഴ്ച സത്യമെങ്കിൽ അതീവഗൗരവമെന്ന ഒഴുക്കൻമറുപടിയാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുളളത്.
എഡിജിപി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽവച്ചാണ് ആർഎസ്എസ് ദേശീയനേതാവ് ദത്താത്രേയ ഹൊസബൊളെയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യസന്ദർശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെങ്കിലും അതു വിശ്വസിക്കാൻ കോണ്‍ഗ്രസും സിപിഐയും തയാറായിട്ടില്ല. കോണ്‍ഗ്രസ് അതു തുറന്നുപറയുന്പോൾ, പരിശോധിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ.
തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയുടെ അപ്രതീക്ഷിതമായ, ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തിലുള്ള വിജയം കോണ്‍ഗ്രസിനും സിപിഐക്കും കനത്ത അടിയായിരുന്നു. സിപിഎം - ബിജെപി ബാന്ധവം കോണ്‍ഗ്രസ് അന്നുതന്നെ പരസ്യമായി ആരോപിച്ചിരുന്നു. മേയറുടെ ചില പ്രസ്താവനകളെയാണ് സിപിഐ അന്നു കുറ്റപ്പെടുത്തിയത്. സിപിഎമ്മിനെ പരസ്യമായി വിമർശിക്കാൻ അന്നും സിപിഐ ഒരുക്കമായിരുന്നില്ല. പൂരം വിവാദം രണ്ടാംസീസണിൽ ആളിക്കത്തുന്പോഴും സിപിഐ പോലീസിനെ വിമർശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിൽ സർക്കാരിനെതിരെ സിപിഐ കാര്യമായി പ്രതികരിച്ചിരുന്നില്ല.
എന്നാൽ, കൂടിക്കാഴ്ച എഡിജിപി സ്ഥിരീകരിച്ചതോടെ സിപിഐക്ക് ഈ വിഷയത്തിൽ കടുത്ത നിലപാട് എടുത്തില്ലെങ്കിലും രൂക്ഷവിമർശനം ഉന്നയിക്കാതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
സ്വന്തം ലേഖകൻ