ഗുരുവായൂരിൽ വികസനപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
1451665
Sunday, September 8, 2024 6:40 AM IST
ഗുരുവായൂർ: ദേവസ്വത്തിന്റെ വിവിധ വികസനപദ്ധതികളുടെ നിർമാണോദ്ഘാടനവും പൂർത്തിയായ പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
തെക്കേനട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായി. മൾട്ടിസ്പെഷാലിറ്റി ആശുപത്രി, പുതിയ ഫയർസ്റ്റേഷൻ എന്നിവയുടെ ശിലാസ്ഥാപനം, കൗസ്തുഭം റെസ്റ്റ്ഹൗസ് നവീകരണം, 250 കിലോവാട്ട് സൗരോർജപദ്ധതി സമർപ്പണം, ഗജരാജൻ ഗുരുവായൂർ കേശവൻ ശതാബ്ദി സ്മൃതി, രാമായണം ഇൻ തേർട്ടി ഡേയ്സ് എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനംഎന്നിവയും മന്ത്രി നിർവഹിച്ചു. കാവീട് ഗോശാലയിൽ എത്തിയ മന്ത്രി ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പുന്നത്തൂർ ആനത്താവളത്തിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം, പത്ത് ആനത്തറികളുടെ നിർമാണ ഉദ്ഘാടനം, നിർമിച്ച ആനത്തറിയുടെ സമർപ്പണം എന്നിവ പുന്നത്തൂർ ആനത്താവളത്തിൽ നടന്നു. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ വിശിഷ്ടാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പ്രസംഗിച്ചു.