നാളെ ഗുരുവായൂരിൽ വിവാഹത്തിരക്ക്: ഇന്നലെവരെ ശീട്ടാക്കിയത് 354 വിവാഹങ്ങൾ
1451226
Saturday, September 7, 2024 1:37 AM IST
ഗുരുവായൂർ: ഇതുവരെ കണ്ടിട്ടില്ലാത്ത വിവാഹത്തിരക്കിന് നാളെ ഗുരുവായൂർ സാക്ഷ്യംവഹിക്കും. ഇന്നലെ 3.30 വരെ 354 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.
ദർശനത്തിനും വിവാഹച്ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രത്യേക ക്രമീകരണങ്ങൾ
വിവാഹങ്ങൾ പുലർച്ചെ നാലിന് ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ അലങ്കരിച്ച് സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ആറ് ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം അനുവദിച്ചിട്ടുള്ള സമയത്തിനുമുമ്പ് ക്ഷേത്രം തെക്കേനടയിലെ പട്ടകുളത്തിനോടുചേർന്ന് തയാറാക്കിയ താൽക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം.
വിവാഹത്തിനുള്ള സമയമാകുമ്പോൾ ഇവരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനടയിലെ മണ്ഡപത്തിലെത്തി വിവാഹച്ചടങ്ങ് നടത്താം. വിവാഹംകഴിഞ്ഞാൽ തെക്കേനടവഴി മടങ്ങിപ്പോകണം. കിഴക്കേനടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിനു സമീപത്തേക്കു പ്രവേശനം അനുവദിക്കൂ.
ദർശനക്രമീകരണം
പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപംവഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ പടിഞ്ഞാറേ മൂലവഴി ക്യൂ കോംപ്ലക്സിനകത്തേക്ക് പ്രവേശിപ്പിക്കും. ദർശനശേഷം ഭക്തർക്ക് ക്ഷേത്രം പടിഞ്ഞാറേനടവഴിയും തെക്കേ തിടപ്പളളി വാതിൽ (കൂവളത്തിനുസമീപം) വഴിയും പുറത്തേക്കുകടക്കാം. ഭഗവതിക്ഷേത്രപരിസരത്തെ വാതിൽവഴി ഭക്തരെ പുറത്തേക്കുവിടില്ല. വിഐപി, സ്പെഷൽ ദർശനം നിയന്ത്രിക്കും. ക്ഷേത്രത്തിനുപുറത്ത് ദീപസ്തംഭത്തിന് മുന്നിൽനിന്ന് തൊഴാനെത്തുന്നവരെ കിഴക്കേനടയിലെ ക്യൂ കോംപ്ലക്സ് വഴിയാകും കടത്തിവിടുക. തൊഴുതതിനുശേഷം തെക്കേനടവഴി തിരിച്ചുപോകണം. വിവാഹത്തിരക്ക് പരിഗണിച്ച് കിഴക്കേനടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.
ശയനപ്രദക്ഷിണം
അനുവദിക്കില്ല
നാളെ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
വാഹനപാർക്കിംഗ്
വാഹന പാർക്കിംഗ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി എൻ.കെ. അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പോലീസിന്റെയും നഗരസഭ ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. നാളെ ഇന്നർ റിംഗ് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ ദേവസ്വം-നഗരസഭയുടെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിലേക്കുവിടും. ടൗൺഹാളിന് സമീപത്തെ നഗരസഭയുടെ സ്ഥലം, ശ്രീകൃഷ്ണ സ്കൂൾ മൈതാനം, മായ ബസ് സ്റ്റാന്ഡ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിഗ് ഒരുക്കും.
നിലവിലെ വൺവേ സംവിധാനം കർശനമാക്കും.